റേഞ്ച് റോവർ വിവാദം: 'ഷാജിക്ക് തെറ്റുപറ്റിയിട്ടില്ല, കേരളം ഉണ്ടായത് മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്' :പി.എം.എ സലാം

വിവാദം ആയതുകൊണ്ടല്ല, ആ വാഹനത്തിന്റെ ആവശ്യം കഴിഞ്ഞതുകൊണ്ടാണ് തിരിച്ചു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു

Update: 2026-09-28 04:02 GMT

മലപ്പുറം: റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം ഷാജിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വാഹനം ഉപയോഗിച്ചത് ഔദാര്യം പറ്റലല്ലെന്നും കേരളം ഉണ്ടായത് മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദം ആയതുകൊണ്ടല്ല, ആ വാഹനത്തിന്റെ ആവശ്യം കഴിഞ്ഞതുകൊണ്ടാണ് ഷാജി തിരിച്ചു കൊടുത്തതെന്നും സലാം പറഞ്ഞു.

സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കാൾ കൂടുതൽ വിവാദങ്ങളാണ് പലപ്പോഴും ചർച്ചയാകുന്നത്. വിവാദങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. വാർത്താ മാധ്യമങ്ങളും അതിന് കൂട്ടുനിൽക്കുകയാണ്. നിയമവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം, റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രം​ഗത്തെത്തിയിരുന്നു. കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം എഐയാണെന്നും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യാനാണെന്നും ചട്ടം അറിയില്ലെങ്കില്‍ ചട്ടമ്പിത്തരം പറയരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

'ഞാന്‍ ചെയ്ത കാര്യങ്ങളില്‍ എനിക്ക് ക്ലാരിറ്റിയുണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളും. കാര്‍ ഉപയോഗിച്ചതില്‍ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഉത്തരവ് പ്രകാരമാണ് കാര്‍ ഉപയോഗിച്ചത്. കാര്‍ ഉപയോഗിക്കുന്നതിന്റെ എല്ലാ നിയമവശവും പരിശോധിച്ചു. നിയമപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ കാണിക്കട്ടെ,' എന്നും കെ.എം ഷാജി പറഞ്ഞു.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. ഗവണ്‍മെന്റ് ഓര്‍ഡറുകള്‍ പ്രകാരം (നമ്പര്‍ 13) പ്രത്യേകം രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് കാറുകളല്ല മന്ത്രിമാര്‍ക്ക് അനുവദിക്കുന്നത്, പകരം നമ്പര്‍ ബോര്‍ഡും ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരമുള്ള ദേശീയ പതാകയുമാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്.

മാത്രമല്ല, ഔദ്യോഗിക ആനുകൂല്യങ്ങള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്. എന്നാല്‍ വ്യക്തിഗത വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

കൂര്‍ഗിലെ യാത്രക്ക് അനുമതി വാങ്ങിയിരുന്നു. തന്നെ പ്രതിക്കൂട്ടിലാക്കണമെങ്കില്‍ പുതിയ ചട്ടമുണ്ടാക്കണം. കൂര്‍ഗില്‍ പോകാന്‍ സൗകര്യം നോക്കിയാണ് ആ വണ്ടിയെടുത്തത്. ഈ വാഹനം ഇനി ഉപയോഗിക്കുമോ എന്നതില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാനാകില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാര്‍ സ്വകാര്യ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് മലയാളി ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയത്. ബള്‍ഗേറിയയിലായിരുന്നു പരിപാടിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News