കോട്ടയം ഇരട്ടക്കൊല; പ്രതി അസ്സം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്
മൊബൈൽ മോഷണക്കേസിലെ വിരലടയാളവും കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും ഒന്നാണെന്ന് കണ്ടെത്തി
കോട്ടയം: കോട്ടയം തിരുവാതുക്കലിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകക്കേസിൽ പ്രതി അസ്സം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൊബൈൽ മോഷണക്കേസിലെ വിരലടയാളവും കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും ഒന്നാണെന്ന് കണ്ടെത്തി. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കൊല്ലപ്പെട്ട വിജയകുമാർ- മീര ദമ്പതികളുടെ സംസ്കാരം പിന്നീട് നടക്കും.
തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി കൊല്ലപ്പെട്ട ദമ്പതികളുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അമിത്ത് തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. മുമ്പ് രജിസ്ട്രർ ചെയ്ത മൊബൈൽ മോഷണ ക്കേസിലെ വിരലടയാളവും കൃത്യം നടത്തിയ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും പരിശോധിച്ചാണ് പൊലീസ് നിഗമനം. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി അസ്സമിലേക്ക് കടന്നതായാണ് വിവരം . എന്നാൽ തൊഴിൽ തേടി മറ്റു സ്ഥലങ്ങളിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കൊല്ലപ്പെട്ട വിജയകുമാറിൻ്റെയും മീരയുടെയും മൊബൈൽ ഫോൺ അമിത്ത് പ്രതി കൈക്കലാക്കിയിട്ടുണ്ട്.
കോട്ടയം ഡിവൈഎസ്‍പി അനീഷ് കെ.ജി യുടെ നേതൃത്വത്തിലുള്ള പേത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടാൻ എല്ലാ സാധ്യതകളും തേടുന്നുണ്ട്. ഒരു സംഘം ഇന്നലെ തന്നെ അസമിലേക്ക് തിരിച്ചു. മുമ്പ് നടന്ന മൊബൈൽ മോഷണക്കേസിൽ ഇയാളെ അസമിലെത്തിയാണ് പൊലീസ് പിടികൂടിയത്. അതേസമയം ദമ്പതികളുടെ സംസ്കാര സമയം തീരുമാനമായില്ല. വിദേശത്തുള്ള മകൾ എത്തിയ ശേഷമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.