കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ഏഴ് ദിവസം മാത്രം പ്രായം
ലോക കാഴ്ച ദിനത്തിൽ എത്തിയ പെൺകുഞ്ഞിന് നേത്ര എന്ന് പേരിട്ടു
തിരുവനന്തപുരം: ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടിൽ നിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് ഒരു കുരുന്നു കൂടി. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1003-ാമത്തെ കുഞ്ഞ് ആയി കോഴിക്കോട് ഒരു പെൺകുഞ്ഞ് എത്തിച്ചേർന്നു.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള അമ്മത്തൊട്ടിൽ ഒരു വർഷം പിന്നിടുമ്പോൾ ഇവിടെ എത്തുന്ന 12-ാമത്തെ കുഞ്ഞാണിത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വെറും ഏഴ് ദിവസം മാത്രം പ്രായവും 2.89 കിലോഗ്രാം തൂക്കവുമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്.
ലോക കാഴ്ച ദിനത്തിൽ കിട്ടിയ 'കാഴ്ചയുടെ വെളിച്ചം'
ഒക്ടോബർ 8 ലോക നേത്രദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന്, കാഴ്ചയുടെ വെളിച്ചം എന്നും ഓർമ്മിക്കാൻ 'നേത്ര' എന്ന് പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺഗോപി അറിയിച്ചു.
കുഞ്ഞ് തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങിയപ്പോൾ നിമിഷങ്ങൾക്കകം നഴ്സുമാർ ഓടിയെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ ആരോഗ്യവതി ആണെന്ന് അറിയിച്ചു.
നേത്രയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 98474 64 613.