Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തില്‍ വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥന്‍. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നുവെന്ന് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എംഎല്‍എമാരുടെ ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ് സാധാരണ ഉണ്ടാവുക. എംഎല്‍എ ഹോസ്റ്റലില്‍ മുറികളും കമ്പ്യൂട്ടറും പാര്‍ക്കിങ്ങും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നില്‍ക്കുന്നതെന്തിനാണെന്നും ശബരിനാഥന്‍ ചോദിച്ചു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ശബരിനാഥ് കുറിച്ചു.
അതേസമയം, മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യാര്‍ഥമാണ് കേന്ദ്രഭാഗമെന്ന നിലക്ക് താന്‍ ശാസ്തമംഗലത്ത് നില്‍ക്കുന്നതെന്ന് വി.കെ പ്രശാന്ത് പ്രതികരിച്ചു. കേരളത്തില്‍ എല്ലാ എംഎല്‍എമാര്‍ക്കും ഹോസ്റ്റലുകളുണ്ട്. എന്നുകരുതി അവരുടെയെല്ലാം ഓഫീസ് അവിടെയാണോയുള്ളത്. അതാത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്തല്ലേ ഓഫീസ് വെക്കേണ്ടതെന്നും പ്രശാന്ത് പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങളൊക്കെ പരിശ്രമിക്കുന്നതെന്നും അതിന് വേണ്ടിയാണ് താന്‍ ശാസ്തമംഗലത്ത് ഓഫീസ് വെച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
എട്ടുവര്‍ഷം എംഎല്‍എയായിരുന്ന തന്റെ ഓഫീസ് ക്വാട്ടേഴ്‌സാണെന്നും കൗണ്‍സിലറും എംഎല്‍എയും തമ്മിലുള്ള വഴക്കില്‍ താന്‍ ഇടപെടുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. 'എംഎല്‍എ ക്വാട്ടേഴ്‌സ് എന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ്. വട്ടിയൂര്‍കാവിലെ എല്ലാവരും എന്നെ കാണാന്‍ വന്നിട്ടുണ്ട്. ആര്‍ക്കും അന്ന് അസൗകര്യം ഉണ്ടായിരുന്നില്ല'. എംഎല്‍എയെ കണ്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് കുഴപ്പമില്ലെന്നും എന്നാല്‍ കൗണ്‍സിലറെ കാണാതായാല്‍ എല്ലാവരും ചോദിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫീസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗണ്‍സിലറായ ആര്‍.ശ്രീലേഖ ആവശ്യപ്പെട്ടത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലറിനും ഓഫീസ് ഉണ്ടായിരുന്നത്. എന്നാല്‍ മുറി ചെറുതാണെന്നും എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി തനിക്ക് വേണമെന്നുമാണ് ശ്രീലേഖ പ്രശാന്തിനെ അറിയിച്ചത്.
അതേസമയം, ശ്രീലേഖക്കെതിരെ കടുത്ത ഭാഷയിലാണ് മന്ത്രി ജി.ആര്‍ അനില്‍ പ്രതികരിച്ചത്. ശ്രീലേഖയുടെ നടപടി അല്‍പ്പത്തരമാണെന്നും ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നടപടിയുണ്ടായത് ശരിയായില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.