മഴക്കെടുതികള്‍ നേരിടാന്‍ മതിയായ ജീവനക്കാരില്ലാതെ കെഎസ്ഇബി; നാലായിരത്തോളം ഒഴിവുകളാണ് നികത്താനുള്ളത്

മേയ് 31ന് വിവിധ തസ്തികകളിലായി 1,005 ജീവനക്കാര്‍ കൂടി കെഎസ്ഇബിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാവും

Update: 2025-05-26 01:40 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: മഴക്കെടുതികള്‍ നേരിടാന്‍ മതിയായ ജീവനക്കാരില്ലാതെ നെട്ടോട്ടമോടുകയാണ് കെഎസ്ഇബി. അടിസ്ഥാന ജോലികള്‍ ചെയ്യാനുള്ള മസ്ദൂര്‍, ലൈന്‍മാന്‍ എന്നിവരുടെ നാലായിരത്തോളം ഒഴിവാണ് നികത്താനുള്ളത്. മേയ് 31ന് വിവിധ തസ്തികകളിലായി 1,005 ജീവനക്കാര്‍ കൂടി കെഎസ്ഇബിയില്‍ നിന്ന്  വിരമിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാവും.

ഇതുവരെ 21.82 കോടി രൂപയാണ് മഴക്കെടുതിയില്‍ ബോര്‍ഡിന്‍റെ നഷ്ടം. സെക്ഷന്‍ ഓഫീസുകളിലേക്കും കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയറിലേക്കുമെത്തുന്ന കോളുകളെടുക്കാന്‍ പോലും ജീവനക്കാര്‍ക്ക് സമയം ലഭിക്കുന്നില്ല. മതിയായ ജീവനക്കാരില്ലാത്തത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് വലിയ വെല്ലുവിളിയാണ്. അടിസ്ഥാന ജോലികള്‍ ചെയ്യേണ്ട മസ്ദൂര്‍, ലൈന്‍മാന്‍ എന്നിവരുടെ 4044 ഒഴിവാണ് നികത്താനുള്ളത്. സൂപ്പര്‍വൈസിങ് ജോലികള്‍ നടത്തേണ്ട ഓവര്‍സിയര്‍മാരുടെ കുറവ് 1047. ഇതിന് പുറമെ ഈ മാസം 122 ലൈന്‍മാനും 37 മസ്ദൂര്‍മാരും വിരമിക്കും.

Advertising
Advertising

772 സെക്ഷന്‍ ഓഫീസുകളാണ് കെഎസ്ഇബിക്കുള്ളത്. 12 ലൈന്‍മാന്‍ എങ്കിലും വേണം ജോലി സുഗമമായി ചെയ്യണമെങ്കില്‍. പല സെക്ഷന്‍ ഓഫീസുകളിലും 5 മുതല്‍ 7 വരെ ലൈന്‍മാനേ ഉള്ളൂ. കരാര്‍ ജീവനക്കാരെയും കിട്ടാനില്ല. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി വിടവ് നികത്താനുള്ള ശ്രമം നടക്കുന്നതേയുള്ളു. മുകള്‍ തട്ടില്‍ അടിയന്തര തീരുമാനമെടുക്കേണ്ട ഡയറക്ടര്‍മാരെ നിയമിച്ചിട്ടില്ല. ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് താത്കാലിക ചുമതല നല്‍കിയാണ് മുന്നോട്ട് പോവുന്നത്. ഇത് കാരണം മഴക്കാലത്തേക്ക് മതിയായ ഉപകരണങ്ങള്‍ സംഭരിക്കാന്‍പോലും കെഎസ്ഇബിക്ക് കഴിഞ്ഞിട്ടില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News