ഷാജി എൻ. കരുണിന്റെ നിയമനത്തിനെതിരായ വിമർശനം; സംവിധായക ഇന്ദുലക്ഷ്മിക്ക് കെഎസ്എഫ്ഡിസി ലീഗൽ നോട്ടീസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സമയത്തായിരുന്നു ഇന്ദു ലക്ഷ്മിയുടെ വിമർശനം.

Update: 2024-12-13 13:29 GMT

തിരുവനന്തപുരം: സിനിമാനയ രൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി എൻ. കരുണിന്റെ നിയമനത്തിനെതിരായ വിമർശനത്തിൽ സംവിധായക ഇന്ദുലക്ഷ്മിക്കെതിരെ നിയമനടപടിയുമായി കെഎസ്എഫ്ഡിസി. നിയമനത്തെ സോഷ്യൽമീഡിയയിൽ വിമർശിച്ച ഇന്ദുലക്ഷ്മിക്കെതിരെ കെഎസ്എഫ്ഡിസി ലീഗൽ നോട്ടീസ് അയച്ചു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പോസ്റ്റുകൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ലീഗൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. ചെയർമാൻ ഷാജി എൻ. കരുണിന്റെ പേരിൽ ലീഗൽ അഡ്വൈസർ എ.എം അഹമ്മദാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സമയത്തായിരുന്നു ഇന്ദു ലക്ഷ്മിയുടെ വിമർശനം. ഷാജി എൻ. കരുണിനെയും മുകേഷിനേയും പോലുള്ളവരെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിനിമാ നയം രൂപീകരിക്കാൻ ചുമതലപ്പെടുത്തുന്നതിനെതിരെ ഇൻസ്റ്റഗ്രാം അടക്കമുള്ളവയിലൂടെ കടുത്ത വിമർശനമാണ് ഇന്ദു ലക്ഷ്മി ഉന്നയിച്ചത്. ഇത്തരത്തിലുള്ള പല വിമർശനങ്ങളുടെ ഭാഗമായാണ് സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കുന്നതും ബി. ഉണ്ണികൃഷ്ണൻ സ്വയം ഇറങ്ങിപ്പോവുന്നതും. എന്നാൽ ഷാജി എൻ. കരുൺ തന്നെയാണ് സമിതിയുടെ ചെയർമാൻ.

Advertising
Advertising

അതേസമയം, ഷാജി എൻ. കരുണിന്റേത് പ്രതികാര ബുദ്ധിയാണെന്ന് സംവിധായകൻ ഇന്ദുലക്ഷ്മി മീഡിയവണിനോട്. ‌തന്റെ പരാമർശങ്ങളിൽ നിന്ന് പിന്മാറില്ല. ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്. വിമർശനവുമായി ബന്ധപ്പെട്ട് തനിക്ക് പല ഭീഷണികളും താക്കീതുകളും വന്നിരുന്നെന്നും എന്നാൽ ഒരു പോസ്റ്റും പിൻവലിക്കില്ലെന്നും ഇന്ദുലക്ഷ്മി മീഡിയവണിനോട് പറഞ്ഞു.

ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത ചിത്രം ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്. സിനിമ മേളയിൽ ഉൾപ്പെടുത്തിയതിൽ ഷാജി എൻ കരുണിന് അതൃപ്തിയെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് കെഎസ്എഫ്ഡിസി ലീഗൽ നോട്ടീസ് നൽകുന്നത്. ഇന്ദു ലക്ഷ്മിയുടെ ആദ്യ ചിത്രമായ നിള കെഎസ്എഫ്ഡിസിയാണ് നിർമിച്ചത്. ‌

അന്ന് സിനിമകൾ പുറത്തുവരാൻ കാലതാമസമുണ്ടാവുകയും വലിയ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ദു ലക്ഷ്മിയുടെ പരാതിയിന്മേൽ സാംസ്‌കാരിക വകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരമാണ് അന്ന് സിനിമകൾ പുറത്തുവന്നത്. എങ്കിലും മതിയായ ഷോകൾ അനുവദിച്ചില്ലെന്നതടക്കമുള്ള പരാതികളും ഉയർന്നിരുന്നു.

Full View


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News