Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും നോട്ടീസ്. ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായ ഹരജിയിലാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. ആര്യയെയും സച്ചിനെയും ഒഴിവാക്കിയതിനെതിരെയായിരുന്നു യദു കോടതിയെ സമീപിച്ചത്.
ഹരജി സ്വീകരിച്ചതിന്റെ പ്രാഥമിക നടപടികളെന്നോണമാണ് ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചത്. ഇവരുടെ വാദം കോടതി വൈകാതെ വിശദമായി കേള്‍ക്കും. അതിന് ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളിലേക്ക് കോടതി കടക്കുക.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാളയത്ത് വെച്ചായിരുന്നു മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.