'സ്വന്തം മേൽവിലാസം വീണ്ടെടുത്ത് കൊടുത്ത് സമസ്തക്ക് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത് സയ്യിദുനാ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അവർകളാണ്'; കുറിപ്പുമായി കെ.ടി ജലീൽ

മതനിരപേക്ഷ സംഘടനകളെ സമസ്തക്ക് ചുറ്റും നിർത്തി ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണ കവചം തീർത്ത ജിഫ്രിതങ്ങളുടെ നേതൃപാടവം അജയ്യമാണെന്നും ജലീൽ പറഞ്ഞു

Update: 2025-12-21 10:10 GMT

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പുകഴ്ത്തി കെ.ടി ജലീൽ എംഎൽഎ. സ്വന്തം മേൽവിലാസം വീണ്ടെടുത്ത് കൊടുത്ത് സമസ്തക്ക് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത് സയിദുനാ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അവർകളാണെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനകളുടെ മുൻപന്തിയിൽ നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്ത. സമസ്ത പിറന്നിട്ട് 100 വർഷം തികയുകയാണ്. 1926 മുതൽ 2020 വരെയുള്ള ഒരു നൂറ്റാണ്ടിന്റെ കേരളീയ ചരിത്രം സമസ്തയുടെ വളർച്ചാ ചരിതവും കൂടിയാണ്. മലയാളി മുസ്‌ലിം സമൂഹത്തെ സൂഫീ പാരമ്പര്യത്തിൽ അധിഷ്ഠിതമായി മുന്നോട്ടു കൊണ്ടു പോകുന്നതിൽ സമസ്ത വഹിച്ച പങ്ക് നിസ്തുലമാണ്. ബഹുസ്വര സംസ്‌കാരം ഉൾകൊണ്ട് മുസ്‌ലിം സമൂഹത്തെ മതമൈത്രിയുടെയും സമാധാനത്തിന്റെയും പാതയിലൂടെ സമസ്ത നയിച്ചു.

Advertising
Advertising

1921-ലെ മലബാർ കലാപം തെറ്റായി വ്യാഖ്യാനിച്ച് അകൽച്ച സൃഷ്ടിക്കാൻ ശ്രമിച്ച വർഗീയ ശക്തികളെ ഫലവത്തായി പ്രതിരോധിക്കാൻ സമസ്ത തുടക്കമിട്ട മദ്രസാ വിദ്യാഭ്യാസത്തിന് സാധിച്ചു. ശരിയായ മതബോധം ലഭിച്ച തലമുറകൾ വളർന്നപ്പോൾ മുസ്‌ലിം സാന്ദ്രീകൃത മേഖലകൾ സഹിഷ്ണുതയുടെയും ശാന്തിയുടെയും ഈറ്റില്ലങ്ങളായി മാറി. അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മാറാതെ പ്രദേശിക സംസ്‌കാരങ്ങളോട് ഇടകലർന്നു ജീവിക്കാൻ കടുത്ത വിശ്വാസികളെപ്പോലും പരിശീലിപ്പിക്കാൻ സമസ്തയും അതിന്റെ ദീർഘവീക്ഷണമുള്ള പണ്ഡിത നേതൃത്വവും അക്ഷീണം പ്രത്‌നിച്ചു. എല്ലാ അർത്ഥത്തിലും പരസ്പര സൗഹൃദത്തിന്റെ ഊഷ്മളതയിൽ ചാലിച്ച നൂറ്റാണ്ടാണ് നാം പിന്നിട്ടത്.

സമസ്തയെന്ന ആത്മീയ പ്രസ്ഥാനത്തിന്റെ നൂറുവർഷം തികച്ച സന്തോഷം വിളംബരം ചെയ്യാൻ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പര്യടനം നടത്തുന്ന ശതാബ്ദി സന്ദേശ യാത്ര ആത്മീയ ചൈതന്യത്തിന്റെ സുഗന്ധം പ്രസരിപ്പിച്ച് മുന്നേറുകയാണ്. ഡിസംബർ 18-ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ജാഥാ പ്രയാണം 27-ന് അത്യുത്തര കേരളത്തിൽ അവസാനിക്കും. കാലം ചിലയാളുകളെ നാടിനെയും സമൂഹത്തെയും പ്രതിസന്ധി ഘട്ടങ്ങളിൽ നയിക്കാൻ കരുതിവെക്കും. അങ്ങിനെ സമുദായം ചിറകിനുള്ളിൽ കാത്തുസൂക്ഷിച്ചു വെച്ച നിധിയായിരുന്നു സമസ്തയുടെ അധ്യക്ഷനായ സയ്യിദ് ജിഫ്രി തങ്ങൾ.

മതനിരപേക്ഷ സംഘടനകളെ സമസ്തക്ക് ചുറ്റും നിർത്തി ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണ കവചം തീർത്ത ജിഫ്രിതങ്ങളുടെ നേതൃപാടവം അജയ്യമാണ്. മുഖ്യമന്ത്രിയേയും ഭരണകക്ഷി നേതാക്കളെയും പ്രതിപക്ഷ നിരയിലെ പ്രമുഖരെയും ഒരേവേദിയിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായത് പ്രശംസനീയമാണ്. പ്രയാസങ്ങളുടെ നടുവിലൂടെ കടന്നു പോകുന്ന ഒരു ജനവിഭാഗത്തിന്റെ നേതൃത്വം ഉണർന്നും ഉയർന്നും ജാഗ്രത കാണിക്കേണ്ട യുഗത്തിൽ അത്രമാത്രം ഉത്ബുദ്ധമായി പ്രവർത്തിക്കാനായി എന്നതാണ് സമസ്തയുടെ മഹത്വമെന്നും ജലീൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News