‘സ്വന്തം സ്വത്ത് വിറ്റ് പോലും സംഘടന പ്രവര്‍ത്തനം നടത്തിയ നേതാവ്’; ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കൾ

‘മറൈന്‍ഡ്രൈവില്‍ നടത്തിയ നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്’

Update: 2024-01-14 04:37 GMT

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മന്ത്രി, നിയമസഭാ സാമാജികൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ കേരളത്തിന്റെ പൊതുസാമൂഹ്യ ജീവിതത്തിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു. മറൈന്‍ഡ്രൈവില്‍ അദ്ദേഹം നടത്തിയ നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. കെ. കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി എന്ന നിലയില്‍ ഭരണരംഗത്തും മികവ് പുലര്‍ത്തിയ അദ്ദേഹം എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Advertising
Advertising

പ്രതിസന്ധിഘട്ടത്തിലെല്ലാം പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് മുന്നില്‍നിന്ന് നയിച്ച നേതാവാണ് അദ്ദേഹം. ജനപക്ഷ നിലപാടുകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ടി.എച്ച്. മുസ്തഫയുടെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു.

ടി.എച്ച്. മുസ്തഫയുടെ വേര്‍പാടിലൂടെ കോണ്‍ഗ്രസിന് ശക്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. സംഘടന പ്രവര്‍ത്തനരംഗത്തേക്ക് യൂത്ത് കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം കടന്നു വന്നത്. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ മുതല്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്ന് ഉന്നത പദവികള്‍ വഹിച്ച വ്യക്തിത്വമാണ് ടി.എച്ച്. മുസ്തഫ.

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നേതാവാണ് അദ്ദേഹം. സ്വന്തം സ്വത്ത് വിറ്റ് പോലും സംഘടനാ പ്രവര്‍ത്തനം നടത്തിയ നേതാവ്. എം.എൽ.എഎയായും മന്ത്രിയായും മികവ് പുലര്‍ത്തിയ ഭരണാധികാരി. ഭക്ഷ്യ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്.

സംഘടനാ രംഗത്ത് വഹിച്ച പദവികള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റിയ നേതാവ്. 14 വര്‍ഷത്തോളം എറണാകുളം ഡി.സി.സി പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപരമായി ദീര്‍ഘനാളത്തെ അടുപ്പമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എറണാകുളം ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളിൽ ഒരാളായിരുന്നു ടി.എച്ച് മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 14 വർഷമാണ് അദ്ദേഹം ജില്ല കോൺഗ്രസ് കമ്മിറ്റിയെ നയിച്ചത്. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങി ചിട്ടയായ പ്രവർത്തനത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ഡി.സി.സി അധ്യക്ഷൻ, കെ.പി.സി.സി ഭാരവാഹി, എം.എൽ.എ, മന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് എത്തിയ നേതാവായിരുന്നു ടി.എച്ച് മുസ്തഫ.

കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുന്നതായിരുന്നു മുസ്തഫയുടെ പ്രവർത്തന രീതി. മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്നു ടി.എച്ച് മുസ്തഫ. പെതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താൻ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നിരവധി നടപടി സ്വീകരിച്ചു.

രാഷ്ട്രീയ പ്രവർത്തന രംഗത്ത് നിർലോഭമായ പിന്തുണയാണ് അദ്ദേഹം എനിക്ക് നൽകിയത്. ടി.എച്ച് മുസ്തഫയുടെ നിര്യാണം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News