'കുപ്പായം മാറും പോലെ ലീഗ് മുന്നണി മാറില്ല'; പി.കെ കുഞ്ഞാലിക്കുട്ടി
ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു
തിരുവനന്തപുരം: കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുത്. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും വിഷാധിഷ്ടിതമായാണ് പറഞ്ഞത്. അതെല്ലാം രാഷ്ട്രീയ സഖ്യമായി കാണരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. യുഡിഎഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. യുഡിഎഫിന്‍റെ കരുത്തായി ലീഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. അതു ശരിയായ നിലപാടാണെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. ലീഗ് എൽഡിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമുള്ള എംവി ഗോവിന്ദന്‍റെ പ്രസ്താവന ലീഗിന്‍റെ മുന്നണി മാറ്റം എന്നതരത്തിലുള്ള ചർച്ചകൾ സജീവമാക്കിയിരുന്നു. ഇതിന് പിന്നാലെ എൽ.ഡി.എഫിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നിരുന്നു. ലീഗ് അനുകൂല പ്രസ്താവന തള്ളിക്കൊണ്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഇതോടെ സി.പി.എം വീണ്ടും വിശദീകരണം നല്‍കുകയായിരുന്നു.