Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായി കത്ത് നൽകിയതിൽ തുടര്‍നടപടിക്ക് പ്രസക്തിയില്ലെന്ന നിലപാടില്‍ ആഭ്യന്തര വകുപ്പ്.
തദ്ദേശവകുപ്പ് ആഭ്യന്തരവകുപ്പിന് നല്‍കിയ കത്ത് റദ്ദാക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിശദീകരണം. സുഗതന് അനുകൂലമായി കത്ത് നല്‍കിയ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും വിലയിരുത്തലുണ്ട്.
തദ്ദേശ വകുപ്പ് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കത്തെന്നും സ്വന്തമായി തീരുമാനമെടുത്തില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വിഷയത്തില്‍ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുഗതന് അനുകൂലമായ കത്ത് വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ ഇനി സാധ്യതയില്ല.
എന്നാല്‍ സര്‍ക്കാരിന്റെ കത്ത് റദ്ദായ സാഹചര്യത്തില്‍ ആര്‍. സുഗതന് അനുവദിച്ച അവധിക്കും നിയമപരമായ നിലനില്‍പ്പില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷം പരാതി നല്‍കിയിട്ടുണ്ട്.