സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ വായ്പ നിഷേധിച്ച സംഭവം; കേരള ബാങ്കിനെതിരെ പ്രതിഷേധവുമായി സമരസമിതി രംഗത്ത്

സർക്കാർ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യം

Update: 2023-01-25 01:54 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ പത്തനംതിട്ട കുന്നന്താനത്ത് ബാങ്ക് ലോൺ നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി സമരസമിതി. കേരള ബാങ്കിന് പോലും മുഖ്യമന്ത്രിയുടെ നിർദേശം നടപ്പിലാക്കാനാകുന്നില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുകയാണെന്ന് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് സമര സമിതിയുടെ ആവശ്യം.

പത്തനംതിട്ട കുന്നന്താനം സ്വദേശിയായ വി.എം ജോസഫിന് കേരള ബാങ്ക് വായ്പ നിഷേധിച്ചതോടെയാണ് സിൽവർ ലൈന് വിരുദ്ധ ജനകീയ സമരസമിതി പ്രതിഷേധവുമായി രംഗത്ത് വന്നത്. സില്‍വര്‍ ലൈന്‍ അലൈന്മെന്‍റ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍  നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടരുകയാണന്നും സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ച അനുകൂല നിലപാട് പാലിക്കപ്പെടുന്നില്ലെന്നുമാണ് സമരസമിതി ആരോപിക്കുന്നത്.

അടിമുടി ദുരൂഹത നിറഞ്ഞ് നില്‍ക്കുന്ന പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാർ നടപടി തുടരുകയാണ്. ഇത് മൂലമാണ് ആവശ്യക്കാർക്ക് കേരള ബാങ്ക് പോലും വായ്പ നിഷേധിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പദ്ധതിയുടെ പേരില്‍ സർക്കാർ നടത്തുന്ന കള്ളക്കളികള്‍ അവസാനിപ്പിക്കണമെന്നും സമരസമതി പ്രവർത്തകർ ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോളും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമരസമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഒരു കോടി ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News