'മതം നോക്കിയിട്ടല്ല സ്നേഹിച്ചത്, മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; വിവാദങ്ങളില്‍ റഹ്‍മാന്‍

Update: 2021-06-11 08:50 GMT
Editor : ijas
Advertising

പാലക്കാട് നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി യുവാവ്. യുവാവിന്‍റെയും യുവതിയുടെയും ഒളിവുജീവിതം വാര്‍ത്തയായതോടെ ലവ് ജിഹാദ് ആരോപണങ്ങളുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ രീതിയില്‍ പ്രചരണം ആരംഭിച്ചിരുന്നു. ഇതിനെതിരെ റഹ്‍മാന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

മതം നോക്കിയിട്ടല്ല തങ്ങള്‍ ഇരുവരും സ്നേഹിച്ചതെന്നും സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും റഹ്‍മാന്‍ പറഞ്ഞു. സജിതക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും തനിക്ക് മതം മാറ്റാന്‍ താല്‍പര്യമില്ലെന്നും റഹ്‍മാന്‍ വ്യക്തമാക്കി. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് റഹ്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട റഹ്‍മാനും സജിതയും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്‍മാനെ സഹോദരന്‍ അവിചാരിതമായി റോഡില്‍വെച്ച് കണ്ടുമുട്ടുന്നതോടെയാണ് അവിശ്വസനീയമായ പ്രണയകഥ നാടറിയുന്നത്.

അതേസമയം, സജിതയെ ഒളിവിൽ താമസിപ്പിച്ചു എന്നത് അസത്യമാണെന്നാണ് റഹ്‍മാന്‍റെ മാതാപിതാക്കള്‍ പറയുന്നത്. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ മീഡിയവണിനോട് പ്രതികരിച്ചത്.

Tags:    

Editor - ijas

contributor

Similar News