അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിവസം എല്ലാവരും നാമം ജപിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ പരാമര്‍ശത്തിൽ വിമർശനവുമായി ഗാനരചയിതാവും സഹതിരക്കഥാകൃത്തുമായ നിധീഷ് നടേരി. ചിത്ര ചേച്ചിയുടെ മതവിശ്വാസത്തെ മുതലെടുത്ത് രാഷ്ട്രീയ-ആരാധനാലയ- മഹാമഹത്തിന്റെ അംബാസിഡറാക്കുന്ന പരിപാടിയാണ് കഴിഞ്ഞദിവസം കണ്ടതെന്ന് നിധീഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നിധീഷിന്റെ പ്രതികരണം.
ഇന്ത്യൻ മതേതതര ബോധത്തിനേറ്റ കളങ്കത്തിനു മേൽ പണിതുയർത്തിയ ഹിംസാത്മകതയുടെ ഗോപുരമാണ് രാമക്ഷേത്രം. മനസിൽ നന്മയുള്ളവർക്ക് മരണത്തിനു മുന്നിൽ പോലും സമ്മതിച്ചു കൊടുക്കാനാവാത്ത വർഗീയ പദ്ധതിയുടെ കുംഭഗോപുരം. വിയോജിക്കുന്നവരെ ചിത്ര ചേച്ചിക്കെതിരായ ആക്രമകാരികളാക്കി ചരിത്രത്തിലെ മതഭ്രാന്തിന്റെ നായാട്ടിനെ വെളുപ്പിക്കാനാവുമെന്ന കുതന്ത്രമാണ് അന്തരീക്ഷത്തിൽ. പലരും ചരിത്രം മറന്ന് അതിൽ വഴുതി വീഴുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, ചിത്രയുടെ രാമക്ഷേത്ര പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഗായകന്‍ സൂരജ് സന്തോഷ് രംഗത്തെത്തിയിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നും വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നുവെന്നും സൂരജ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
എഴുത്തുകാരി ഇന്ദു മേനോനും ചിത്രക്കെതിരെ രംഗത്തെത്തി. കുയിലല്ല, ചിത്ര കള്ളിപ്പൂങ്കുയിലാണെന്നും ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതിയെന്നും ഇന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോയിൽ പറഞ്ഞത്. 'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്‍റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു'- ചിത്ര അഭിപ്രായപ്പെട്ടു.
നിധീഷിന്റെ പോസ്റ്റിന്റെ പൂർണരൂപം
മലയാളി മനസിൽ പ്രതിഷ്ഠിച്ച പ്രിയഗായിക ചിത്രചേച്ചിയുടെ ,മതവിശ്വാസത്തെ മുതലെടുത്ത് രാഷ്ട്രീയ-ആരാധനാലയ-മഹാമഹത്തിന്റെ അംബാസിഡറാക്കുന്ന പരിപാടിയാണ് കഴിഞ്ഞ ദിവസം കണ്ടത്.
ഇന്ത്യൻ മതേതതര ബോധത്തിനേറ്റ കളങ്കത്തിനു മേൽ പണിതുയർത്തിയ ഹിംസാത്മകതയുടെ ഗോപുരമാണത്.
മനസ്സിൽ നന്മയുള്ളവർക്ക് മരണത്തിനു മുന്നിൽ പോലും സമ്മതിച്ചു കൊടുക്കാനാവാത്ത വർഗീയ പദ്ധതിയുടെ കുംഭഗോപുരം.
വിയോജിക്കുന്നവരെ ചിത്രചേച്ചിക്കെതിരായ ആക്രമകാരികളാക്കി ചരിത്രത്തിലെ മതഭ്രാന്തിന്റെ നായാട്ടിനെ വെളുപ്പിക്കാനാവുമെന്ന കുതന്ത്രമാണ് അന്തരീക്ഷത്തിൽ. പലരും ചരിത്രം മറന്ന് അതിൽ വഴുതി വീഴുന്നു.
ചിത്രചേച്ചിയോട് ഒരിഞ്ച് മനസകലമില്ല.
സ്നേഹം മാത്രം.
പക്ഷേ, ആശംസയോട് ശ്രുതിതെറ്റാത്ത മതേതരബോധത്തിൽ നിന്ന് ഉച്ചസ്ഥായിയിൽ വിയോജിപ്പ്.