രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് ലോക വിഡ്ഢിത്തം: എം എ ബേബി

സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും എം എ ബേബി

Update: 2024-04-16 04:41 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ലോക വിഡ്ഢിത്തമെന്ന് സിപിഎം പിബി അംഗം എം എ ബേബി. സീറ്റ് തെരഞ്ഞെടുക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് തുടര്‍ച്ചയായി തെറ്റുപറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇടത് മുന്നണിയുടെ സഹകരണം വേണമെന്ന് തിരിച്ചറിയാന്‍ രാഹുലിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഒരുപാട് ക്ഷതം ബി ജെ പി ഉണ്ടാക്കിയിട്ടുണ്ട്. അത് മനസിലാക്കാനുള്ള സാമാന്യ രാഷ്ട്രീയ ബോധം രാഹുല്‍ ഗാന്ധിക്കില്ലെന്ന് പറയേണ്ടി വരുമെന്നും മീഡിയവണ്‍ 'നേതാവ്' പരിപാടിയില്‍ എം എ ബേബി പറഞ്ഞു.

ഭരണഘടന സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് സഹതാപാര്‍ഹമായ കാര്യമാണെന്നും അഞ്ച് വര്‍ഷത്തിനിടയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനതത്വമാണെന്നും അടിയന്തരാവസ്ഥാ കാലത്ത് അത് ലംഘിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കൂടെ നിന്നയാളാണ് ആന്റണിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ കാര്യമായ ആരോപണം ഉന്നയിക്കാന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐക്ക് എതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. പൂക്കോട് നടന്നത് എസ് എഫ് ഐ പ്രവര്‍ത്തിക്കുന്ന ക്യാമ്പസില്‍ നടക്കാന്‍ പാടില്ലാത്തതെന്നും സിദ്ധാര്‍ഥനെതിരെയുണ്ടായത് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള അതിക്രമമാണെന്നും അത് തടയാന്‍ കഴിയാത്തത് സ്വയം വിമര്‍ശനപരമായി എസ് എഫ് ഐ കാണണമെന്നും അദ്ദേഹം പറഞ്ഞു.

എ ബി വി പി, കെ എസ് യു സ്വഭാവവിശേഷങ്ങള്‍ എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നുഴഞ്ഞ് കയറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യന്‍ അതിരൂപതകള്‍ വിവാദ ചിത്രമായ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിലും അദ്ദേഹം പ്രതികരിച്ചു. ആര്‍ എസ് എസ് അജണ്ടയില്‍ നിന്ന് പുറത്ത് വരാന്‍ അതിരൂപതകള്‍ക്ക് കഴിയുമെന്നും അജണ്ട അവര്‍ തിരിച്ചറിഞ്ഞെന്നും പറ്റിയ തെറ്റുകള്‍ രൂപതകള്‍ തിരിച്ചറിയുന്നുണ്ടെന്നും എം എ ബേബി വ്യക്തമാക്കി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News