Writer - അൻഫസ് കൊണ്ടോട്ടി
anfas123
കൊച്ചി: അടിമാലി മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല്‍ നഷ്ടമായ സന്ധ്യ ബിജുവിന് കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ സഹായവാഗ്ദാനം. വീഡിയോ കോളില്‍ സന്ധ്യയുമായി സംസാരിച്ച മമ്മൂട്ടി കൃത്രിമക്കാല്‍ നല്‍കാമെന്ന് വാക്കുനല്‍കിയതിനോടൊപ്പം അടിമാലിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും ഉറപ്പ് നല്‍കി. ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുടെ ഇടതുകാല്‍ മുട്ടിന് മുകളില്‍വെച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. ചികിത്സയെ കുറിച്ചുള്ള സുഖവിവരമറിയുന്നതിനായി രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റെ ജോസ് പോളിന്റെ ഫോണിലേക്കായിരുന്നു മമ്മൂട്ടിയുടെ വീഡിയോകോള്‍. സന്ധ്യയുമായി സംസാരിച്ചതിന് ശേഷം കൃത്രിമക്കാല്‍ നല്‍കാമെന്നും വീട് നിര്‍മിക്കുന്നതിനായുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്നും വാക്ക് നല്‍കുകയായിരുന്നു. സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം നേരത്തെ തന്നെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തിരുന്നു. കോളിന് തൊട്ടുപിന്നാലെ കൃത്രിമക്കാല്‍ വെക്കുന്നതിന് വേണ്ട സഹായം നല്‍കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ. മുരളീധരന് മമ്മൂട്ടി നിര്‍ദേശം നല്‍കി.
മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഇന്ന് വാടക വീട്ടിലേക്കാണ് സന്ധ്യ മടങ്ങുന്നത്. ദുരന്തത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജുവിന് ജീവന്‍ നഷ്ടമായിരുന്നു. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വര്‍ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് സന്ധ്യയുടെ ഇടതുകാല്‍മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്.
മണ്ണിടിച്ചിലില്‍ ഭര്‍ത്താവും കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതോടെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. സര്‍ക്കാരിന്റേയും ദേശീയപാത അതോറിറ്റിയുടേയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന്ധ്യയും മകളും.