അട്ടപ്പാടിയിൽ വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്
പാലൂർ സ്വദേശി മണികണ്ഠനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
പാലക്കാട്: അട്ടപ്പാടി പാലൂരിൽ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്ഠനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
തലയോട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് മണികണ്ഠന്റെ കുടുംബം രംഗത്തെത്തി.
ഡിസംബർ ഏഴിനാണ് മർദമേൽക്കുന്നത്. ആദിവാസികളിൽനിന്ന് ഔഷധവേരുകൾ ശേഖരിച്ച് വിൽക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചത്. ഇയാളുടെ ഗോഡൗണിൽ നിന്ന് വേര് മോഷ്ടിച്ചെന്നാണ് ആരോപിച്ചാണ് മർദനം. രാംരാജ് ഒളിവിലാണ്.
എട്ടാം തീയതി മണികണ്ഠൻ കോഴിക്കോട് വെച്ച് കുഴഞ്ഞ് വീഴുകയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് മർദന വിവരം പുറത്തറിയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പുതൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായാണ് മണികണ്ഠൻ കോഴിക്കോട് എത്തുന്നത്. വാദ്യോപകരണങ്ങള്‍ വായിക്കുന്ന ജോലിയും മണികണ്ഠനുണ്ട്.
Watch Video Report