നോവൽ പ്രസിദ്ധീകരിക്കാൻ അനുമതിയില്ല; മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിലിൽ ഉപവാസത്തിൽ

രൂപേഷിന് പിന്തുണയുമായി കെ സച്ചിദാനന്ദൻ, പി എൻ ഗോപീകൃഷ്ണൻ, അശോകൻ ചെരുവിൽ തുടങ്ങി നിരവധി സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും രംഗത്തെത്തി

Update: 2025-03-03 08:48 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ജയിലിൽ വെച്ച് എഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്. ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രൂപേഷ് ഇന്നലെ മുതലാണ് ജയിലിൽ നിരാഹാരസമരം ആരംഭിച്ചത്. 'ബന്ദിതരുടെ ഓർമ്മകൾ' എന്ന നോവലിനാണ് അധികൃതർ പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്. രൂപേഷിന് പിന്തുണയുമായി നിരവധി സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും രംഗത്തെത്തി.

അടിയന്തരാവസ്ഥാ കാലത്ത് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് രണ്ടിനാണ് രൂപേഷ് നിരാഹാരസമരം ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജയില്‍ കഴിയുന്ന രൂപേഷിന്റെ രണ്ടാമത്തെ നോവലാണ് 'ബന്ദിതരുടെ ഓർമ്മകൾ'. ഇത് പ്രസിദ്ധീകരിക്കാൻ അനുമതി തേടി രൂപേഷ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം പ്രസിദ്ധീകരിക്കാൻ ആവില്ലെന്നാണ് ജയിൽ അധികൃതർ മറുപടി നൽകിയത്.

Advertising
Advertising

നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടെന്ന് കാട്ടിയാണ് അധികൃതർ അനുമതി നിഷേധിച്ചത്. ഒളിവില്‍ കഴിയുന്ന കാലത്ത് രൂപേഷ് എഴുതിയ ആദ്യ നോവല്‍ 'വസന്തത്തിലെ പൂമരങ്ങള്‍' എന്ന പേരില്‍ ഗ്രീന്‍ ബുക്‌സും, 'മാവോയിസ്റ്റ്' എന്ന പേരില്‍ ഡിസി ബുക്‌സും പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ, എഴുത്തുകാരായ പി എൻ ഗോപീകൃഷ്ണൻ, അശോകൻ ചെരുവിൽ, എസ് ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് രൂപേഷിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്ത് വന്നത്. ഫേസ്ബുക്കിലൂടെയാണ് ഇവർ പിന്തുണ അറിയിച്ചത്. ജനാധിപത്യ വിരുദ്ധവും നീതി നിഷേധവും മാത്രമാണ് നോവലിന്റെ കൈകളിൽ ഇത്തരത്തിൽ വിലങ്ങ് വെയ്ക്കുന്ന നടപടിയെന്ന വിമർശനവും വ്യപകമായി ഉയർന്നു വന്നിട്ടുണ്ട്.


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News