മാവേലിക്കര മാവോയിസ്റ്റ് കേസ്: എൻഐഎ കോടതിവിധി റദ്ദാക്കി, പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി

മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടത്

Update: 2024-09-25 12:00 GMT

കൊച്ചി: മാവേലിക്കര മാവോയിസ്റ്റ് കേസിൽ എൻഐഎ കോടതിവിധി റദ്ദാക്കിയ ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കേസിൽ എൻഐഎ കോടതി ശിക്ഷിച്ച മാവേലിക്കര കുറത്തിക്കാട് കരുവേലില്‍ രാജേഷ് മാധവന്‍(39), തമിഴ്‌നാട് ചെല്ലയ്യൂര്‍ സ്വദേശി ഗോപാല്‍(57), കൊല്ലം മയ്യനാട് ദവളക്കുഴി കൈപ്പുഴവിള വീട്ടില്‍ ദേവരാജന്‍(57), തിരുവനന്തപുരം ചിറയിന്‍കീഴ് തോട്ടശേരിയില്‍ വീട്ടില്‍ ബാഹുലേയന്‍(55), മൂവാറ്റുപുഴ ഐരപ്പുറം മന്നാടി കീഴില്ലം കുരിയന്നൂര്‍ വീട്ടില്‍ അജയകുമാര്‍(54) എന്നിവരരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

Advertising
Advertising

സിപിഐയുടെ (മാവോയിസ്റ്റ്) മുന്നണി സംഘടനയാണ് ആർഡിഎഫ് (റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട്) എന്ന് സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. യുഎപിഎ പ്രകാരം ആർഡിഎഫിനെ നിയമവിരുദ്ധമായ സംഘടനയായോ തീവ്രവാദ സംഘടനയായോ പ്രഖ്യാപിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

2012 ഡിസംബര്‍ 29ന് മാവേലിക്കരയിലെ ചെറുമടം ലോഡ്ജില്‍ ആർഡിഎഫ് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നതാണ് മാവേലിക്കര മാവോയിസ്റ്റ് കേസ്. ആർഡിഎഫിൻ്റെ വിദ്യാർഥി വിഭാഗം തുടങ്ങാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ലോഡ്ജിൽ ചേർന്നത് എന്നായിരുന്നു പ്രധാന ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തി‍ൽ എറണാകുളത്തെ എൻഐഎ കേസുകൾക്കായുള്ള പ്രത്യേക കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷിക്കപ്പെട്ടത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News