Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ വകുപ്പ് മേധാവിക്ക് മെമ്മോ. തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.മോഹൻ ദാസിനാണ് മെമ്മോ നൽകിയത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വകുപ്പുമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. മെമ്മോ വന്നതിന് പിന്നാലെ ക്ഷമാപണം നടത്തി വകുപ്പ് മേധാവി. സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തില്ലെന്ന് മെമ്മോക്ക് ഡോ. മോഹൻ ദാസ് മറുപടി നൽകി. കെ സോട്ടോ പരാജയം എന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ ഡോക്ടർ മോഹൻദാസിന്റെ കുറിപ്പ്.
നേരത്തെ ഡോക്ടർ മോഹൻദാസിന്റെ വെളിപ്പെടുത്തൽ തള്ളി അവയവദാന ഏജൻസിയായ കെ സോട്ടോ രംഗത്ത് വന്നിരുന്നു. കെ സോട്ടോ മസ്തിഷ്ക മരണ നിർണയത്തിൽ നേരിട്ട് പങ്കാളി അല്ല. ഡോക്ടർമാരുടെ നാലംഗ പാനൽ ആണ് മസ്തിഷ്ക മരണം നിർണയിക്കുന്നത്. കെ സോട്ടോ പരാജയമാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കെ സോട്ടോ പ്രതികരിച്ചു. അവയവ വിന്യാസവും തുടർന്നുള്ള പ്രക്രിയയുമാണ് കെ സോട്ടോയുടെ ചുമതല.
2017 ന് ശേഷം വിരലിലെണ്ണാവുന്ന മരണാനന്തര അവയവദാനം മാത്രമാണ് നടന്നിട്ടുള്ളത്. കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോലിചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആദ്യമായി മരണാനന്തര അവയവദാനത്തിലൂടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറിന്റെ വിയോഗവാർത്ത പങ്കുവെച്ചാണ് മോഹൻദാസിന്റെ വിമർശനം. ഫെയ്സ്ബുക്ക് കുറിപ്പ് വാർത്തയായതോടെ ഡോക്ടർ പോസ്റ്റ് പിൻവലിച്ചു. നേരത്തെയും കെ സോട്ടോയിക്കെതിരെ വിമർശനവുമായി ഡോക്ടർ രംഗത്ത് വന്നിരുന്നു.