ബംഗ്ലാദേശിയാണെന്ന് പറഞ്ഞ് ആൾക്കൂട്ടം തല്ലിക്കൊന്ന രാംനാരായണിന്റെ ഭാര്യയും ബന്ധുക്കളും ഇന്ന് തൃശൂരിലെത്തും
കുടുംബത്തിന് ധനസഹായം നൽകണമെന്ന ആവശ്യം ശക്തമാക്കി മനുഷ്യാവകാശ സംഘടനകൾ
തൃശൂര്‍: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട രാംനാരായണിന്റെ ബന്ധുക്കൾ ഇന്ന് തൃശൂരിൽ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശ്ശൂരിൽ എത്തുക. തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കൾ കാണും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ പിന്നീട് നിലപാട് വ്യക്തമാക്കും.കേസിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധ പരിപാടികളുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. തൃശൂരിൽ നടന്ന പരിപാടിയിൽ 'ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' രൂപീകരിച്ചു. ഉത്തരേന്ത്യയിൽ സംഘപരിവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലടക്കം വ്യാപകമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.
വിദ്വേഷങ്ങൾ വളർത്തി അപരനെ തല്ലിക്കൊല്ലുന്ന രാഷ്ട്രീയ പദ്ധതിക്ക് കേരളത്തിൽ ഇടം നൽകാതിരിക്കാൻ ജനകീയ പ്രതിരോധങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നു പ്രതിഷേധത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.ആൾക്കൂട്ട കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. രാം നാരായണൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമെന്ന നിലയിൽ 25 ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ കോർപ്പറേഷൻ പരിസരത്തായിരുന്നു പ്രതിഷേധ പരിപാടി.