'പഠിക്കുന്ന സമയത്ത് പലരും എസ്.എഫ്.ഐ ആയിട്ടുണ്ടാകും, കേസിൽ കുടുങ്ങിയാൽ മാത്രം മുൻ എസ്.എഫ്.ഐ നേതാവെന്ന് പറയുന്നു'; എം.ബി രാജേഷ്

' ഒരു നടൻ എസ്.എഫ്.ഐ പാനലിൽ ഇതേ മഹാരാജാസിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായി ജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ മുൻ എസ്.എഫ്.ഐ നേതാവിന് പുരസ്‌കാരം എന്ന് വാർത്ത കൊടുത്തിട്ടില്ലല്ലോ?

Update: 2023-06-11 10:22 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ പ്രതിയായ കെ.വിദ്യയെ തള്ളിപ്പറഞ്ഞ് മന്ത്രി എം.ബി രാജേഷ്. 'കോളജിൽ പഠിക്കുന്ന സമയത്ത് ഒരാൾ എസ്.എഫ്.ഐ ആയി. അയാൾ ഇപ്പോൾ ഒരു തെറ്റ് ചെയ്തു. അയാളെ ഒരാളും സംരക്ഷിച്ചിട്ടില്ല,  ന്യായീകരിച്ചിട്ടില്ല, എല്ലാവരും തള്ളിപ്പറയുകയാണ് ചെയ്തത്...' രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

'പഠിക്കുന്ന സമയത്ത് പലരും എസ്.എഫ്.ഐയും കെ.എസ്.യുവും ആയിട്ടുണ്ടാകും. അത് കഴിഞ്ഞ് അവർ തെറ്റ് ചെയ്യുമ്പോൾ മുൻ എസ്.എഫ്.ഐ നേതാവെന്ന് പറയുന്നു. അങ്ങനെയങ്കിൽ ദേശീയ പുരസ്‌കാരം നേടിയ ഒരു നടൻ എസ്.എഫ്.ഐ പാനലിൽ ഇതേ മഹാരാജാസിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായി ജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ മുൻ എസ്.എഫ്.ഐ നേതാവിന് പുരസ്‌കാരം എന്ന് വാർത്ത കൊടുത്തിട്ടില്ലല്ലോ? പഠിക്കുമ്പോൾ എസ്.എഫ്.ഐ യായ ഒരാൾ കേസിൽ കുടുങ്ങിയാൽ മാത്രം മുൻ എസ്.എഫ്.ഐ നേതാവെന്ന് കൊടുക്കുന്നു. പ്രതിയായ പെൺകുട്ടി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. ജില്ലാ പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച പതിനായിരക്കണക്കിന് ആളുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

'കഴിഞ്ഞ ദിവസം ഒരു മുൻ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തു. ഒരു പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ഇവരെല്ലാം ഒരു പാർട്ടിയിൽപ്പെട്ടവരാണ്. ആ വാർത്തയെല്ലാം അപ്രധാനവും ചെറുതുമായിരുന്നു. ചിലത് മാത്രം തെരഞ്ഞെടുത്ത് അപ്രധാനവാർത്തകളാക്കുന്നെന്നും എം.ബി രാജേഷ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News