കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

അറസ്​റ്റിലായി ഒരു വർഷം തികയുമ്പോഴാണ് ജാമ്യം

Update: 2021-10-28 09:39 GMT
Editor : ijas

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായി ഒരു വർഷം പൂർത്തിയാകുന്നതിനിടെ ബിനീഷ് കോടിയേരിക്ക് ജാമ്യം. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ കർണാടക ഹൈകോടതി ജസ്​റ്റിസ് എം.ജി ഉമയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ് ചെയ്തത്. ബിനീഷ് അറസ്​റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്​റ്റഡിയിൽ ചോദ്യം ചെയ്തശേഷം 2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ് ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

Advertising
Advertising

2021 ഫെബ്രുവരിയിൽ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ രണ്ടു തവണ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 2021 ഏപ്രിലിലാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം ആരംഭിക്കുന്നത്. ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ മൂന്നു തവണയാണ് ഹൈകോടതി ബെഞ്ച് മാറിയത്. പലതവണയായി നീണ്ടുപോയ ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണിപ്പോൾ ബിനീഷിന് അനുകൂലമായി കോടതി വിധിയുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ കേസ് (പി.എം.എല്‍.എ.) സ്വതന്ത്രമായി നിലനില്‍ക്കുന്നതാണെന്നും ലഹരിമരുന്നു കേസുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ബിസിനസ് സംരംഭങ്ങളുടെ മറവില്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി വാദിച്ചത്. എന്നാൽ, ക്രിക്കറ്റ് ക്ലബ്, പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടം, മറ്റു ബിസിനസ്, സിനിമ തുടങ്ങിയ വഴിയും ലഭിച്ച വരുമാനമാണ് അക്കൗണ്ടിലുള്ളതെന്നാണും ഡെബിറ്റ് കാർഡ് ആസൂത്രിതമായി ഇ.ഡി കൊണ്ടിട്ടതാണെന്നുമായിരുന്നു ബിനീഷിന്‍റെ വാദം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News