സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിക്ക് അനുമതി നൽകി.

Update: 2021-05-31 16:18 GMT
Editor : Nidhin | By : Web Desk
Advertising

സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിക്ക് അനുമതി നൽകി. പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തത്തിനുമാണ് അനുമതി നൽകിയത്.

ജ്വല്ലറി, ചെരുപ്പ്, ടെക്‌സ്‌റ്റൈൽ ഷോപ്പുകളിൽ വിവാഹക്ഷണക്കത്ത് കാണിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കോവിഡ് അവലോകന യോഗത്തിലാണ് ഇത്തരത്തിലുള്ള നിർദേശങ്ങളുണ്ടായത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇളവുകൾ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്.

വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽപാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല. പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐഎംഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.

പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ വാക്സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും. 40 വയസിന് മുകളിലുള്ളവർക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News