'ചെന്താമരയുടെ പ്രകൃതം കടുവയെ പോലെ, കൊലപാതകത്തിൽ മനസ്താപമില്ല'; എസ്.പി അജിത് കുമാര്‍
ഒന്നര ദിവസം പ്രതി വനത്തിൽ നിന്നു
പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയുടെ പ്രകൃതം കടുവയെ പോലെയെന്ന് പൊലീസ്. ഒന്നര ദിവസം പ്രതി വനത്തിൽ നിന്നു. കൊലപാതകത്തിൽ പ്രതിക്ക് മനസ്താപമില്ല.
എല്ലാ കാര്യങ്ങൾക്കും കൃത്യമായ പ്ലാനിങ് ഉള്ളയാളാണ് ചെന്താമര. വിഷം കുടിച്ചെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ പ്രതി തയ്യാറാക്കിവെച്ചിരുന്നുവെന്നും പാലക്കാട് എസ്.പി അജിത് കുമാർ പറഞ്ഞു.
തിങ്കളാഴ്ച 10 മണിയോടെയാണ് കൃത്യം ചെയ്തത്. ശേഷം വനമേഖലയിലേക്ക് പോയി. ഒന്നര ദിവസം വനത്തിൽ നിന്നു. പൊലീസിന്‍റെ തെരച്ചിൽ പ്രതി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഭക്ഷണം ഇല്ലാത്തത് കാരണം വനത്തിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങി. ഇതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. സംഭവ സ്ഥലത്ത് കൊണ്ടുപോയി കുറ്റകൃത്യം പുനരാവിഷ്കരിക്കുമെന്നും പൊലീസ് പറഞ്ഞു.