Writer - രാഗേന്ദു പി.ആർ
Web Journalist
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 'റെട്രോ ചിത്രങ്ങള്‍'ക്കിടയില്‍ നടന്മാരായ റഹ്‌മാന്റേയും ബാബു ആന്റണിയുടെയും ഒറിജിനല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇവര്‍ക്കൊക്കെ എന്തിനാണ് ചാറ്റ്ജിപിടിയും പ്രോംപ് റ്റുമെന്നുമാണ് ജെന്‍സിയുടെ ചോദ്യം.റഹ്‌മാനും ബാബു ആന്റണിയും എണ്‍പതുകളിലെ ഇഷ്ടതാരങ്ങളായിരുന്നുവെന്നും ചിലര്‍ പറയുന്നു.
ബാബു ആന്റണിയുടെ ഡ്രസിങ് സ്‌റ്റൈലും ലുക്കും ചാറ്റ്ജിപിടി ക്രിയേറ്റ് ചെയ്യുന്നതിനേക്കാള്‍ എത്രയോ സുന്ദരമാണെന്നാണ് മറ്റു കമന്റുകള്‍. ഒരുപക്ഷെ, അക്കാലത്ത് റഹ്‌മാനെയായിരുന്നു മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനേക്കാളും ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും കമന്റുകളുണ്ട്.
വലിയ ഇടവേളക്ക് ശേഷം ഇരുവരും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
'ബാച്ച്‌ലര്‍ പാര്‍ട്ടി'യില്‍ ബെന്നിയായി എത്തിയ റഹ്‌മാനും ആര്‍ഡിഎക്സില്‍ 'ആന്റണി മാസ്റ്ററാ'യെത്തിയ ബാബു ആന്റണിയും സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ആരവം ഉണ്ടാക്കിയിരുന്നു.
റഹ്‌മാന്റെ കൂടെവിടെ, കളിയില്‍ അല്‍പം കാര്യം, ഇത്തിരി പൂവേ ചുവന്നപൂവേ, കാണാമറയത്ത്, പറന്നു പറന്നു പറന്ന് തുടങ്ങിയ സിനിമകളും ഓര്‍ത്തെടുക്കുന്നവരുണ്ട്. ചിലമ്പ്, ചന്ത, വൈശാലി എന്നീ സിനിമകളിലൂടെയാണ് ബാബു ആന്റണി ശ്രദ്ധേയനാകുന്നത്.
ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഇഷ്ടപ്പെടുന്ന ഒട്ടനവധി സിനിമാപ്രേമികളാണ് ജെന്‍സിക്ക് ഇടയിലുള്ളത്. ഇപ്പോൾ ബാബു ആന്റണിയും ജെൻസിയുടെ 80s വൈബിനൊപ്പം ചേർന്നിട്ടുണ്ട്.