വഖഫ് ബോര്‍ഡ് പുനഃസംഘടനക്ക് സ്റ്റേ ഇല്ല; കെ.എസ് ഹംസയുടെ ആവശ്യം ഹൈക്കോടതി തള്ളി

കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു

Update: 2026-10-17 17:42 GMT

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. പിരിച്ചുവിട്ട ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസയാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചതെന്ന് കെ.എസ് ഹംസ ആരോപിച്ചിരുന്നു. എന്നാല്‍, പുനഃസംഘടന സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സിംഗിള്‍ ബെഞ്ച്, കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. ജസ്റ്റിസ് മനുവാണ് പ്രത്യേക സിറ്റിങ്ങില്‍ ഹരജി പരിഗണിച്ചത്.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ ആണ് പ്രത്യേക സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ബോര്‍ഡ് പുനഃസംഘടന ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് വിധേയമായിരിക്കുമെന്നും വഖഫ് ബോര്‍ഡിനെ നിയമിക്കാനും റദ്ദാക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ ഉമീദ് നിയമത്തില്‍ വ്യവസ്ഥയില്ലെന്നായിരുന്നു കെ.എസ് ഹംസയുടെ വാദം. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പാലിച്ചല്ല പുനഃസംഘടനയെന്നും ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നും കെ.എസ് ഹംസ ചൂണ്ടിക്കാട്ടി. ബോര്‍ഡിലെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഈ നിര്‍ദേശം മറികടന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News