' രാംനാരായണന്‍റെ തലയ്ക്കടിച്ചു,  മുതുകിലും മുഖത്തും ചവിട്ടി'; വാളയാര്‍  ആൾക്കൂട്ട കൊലപാതകത്തിൽ റിമാന്‍ഡ് റിപ്പോർട്ട് പുറത്ത്

രാംനാരായണന്‍റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ചര്‍ച്ച നടത്തും.

Update: 2025-12-22 05:17 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ റിമാന്‍ഡ് റിപ്പോർട്ട് പുറത്ത്. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചുവെന്ന് റിപ്പോർട്ടിൽ പരാമർശം. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്‍റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം രാംനാരായണന്‍റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ചര്‍ച്ച നടത്തും. കുടുംബവും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായായിരിക്കും ചർച്ച നടത്തുക. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയാറായിട്ടില്ല.

Advertising
Advertising

അതിനിടെ ആൾക്കൂട്ട കൊലയുടെ കൂടുതൽ വിവരങ്ങൾ തേടിയിരിക്കുകയാണ് ഛത്തീസ്ഗഢ് സർക്കാർ. ഛത്തീസ്ഗഡ് സക്തി ജില്ലാകലക്ടറാണ് വിവരങ്ങൾ തേടി പാലക്കാട് ജില്ലാകലക്ടറെ സമീപിച്ചത്. ദലിത് കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ടതെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഛത്തീസ്ഗഢ് സർക്കാർ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.

ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News