വാളയാര്‍ വംശീയ കൊല; തെളിവുണ്ടായിട്ടും ആൾക്കൂട്ടകൊലപാതക വകുപ്പ് ചുമത്താതെ പൊലീസ്
പ്രതികളുടെ രാഷ്ട്രീയ പശ്ചത്തലവും പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു
പാലക്കാട്: വാളയാറിലെ കൊലപാതകത്തിൽ ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പ് ചുമത്താതെ പൊലീസ്. കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പറഞ്ഞ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ ആൾക്കൂട്ടകൊല വകുപ്പ് ചുമത്തുന്നത് സംബന്ധിച്ച് വ്യക്തത നൽകിയില്ല. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരയണനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാർ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യാക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അനേഷണത്തിന് മേൽനോട്ടം വഹിക്കും. എസ്/എസ്‍ടി അട്രാസിറ്റി ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചേർക്കും . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മർദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ പറഞ്ഞു.
അറസ്റ്റിലായവർ നിരവധി ക്രമിനൽ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചത്തലം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിൽ പലരും ഒളിവിലാണ്. കേസിൽ ഇതുവരെ ആൾക്കൂട്ട കൊലപാതകത്തിൻ്റെ വകുപ്പുകൾ ചുമത്തിയിട്ടില്ല . പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാം നാരായണൻ്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
അതേസമയം രാംനാരായണന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. സർക്കാരുമായുള്ള ചർച്ചയിൽ 10 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പു നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം. മൃതദേഹം എത്രയും പെട്ടെന്ന് ചത്തീസ്ഗഡിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി.