ഷാജഹാന്‍ വധം: പിടിയിലായവരില്‍ കൊലയാളി നവീനും

മൂന്നാം പ്രതി നവീനും അഞ്ചാം പ്രതി സിദ്ധാർത്ഥനുമാണ് അറസ്റ്റിലായത്

Update: 2022-08-16 06:13 GMT
Editor : Shaheer | By : Web Desk

പാലക്കാട്: സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ കൊലയാളിയടക്കം രണ്ടുപേർ പിടിയിൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നവീൻ, കൊലയാളികൾക്ക് സഹായം നൽകിയ സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്.

നവീൻ മൂന്നാം പ്രതിയും സിദ്ധാർത്ഥൻ അഞ്ചാം പ്രതിയുമാണ്. നവീൻ ഷാജഹാനെ നേരിട്ട് വെട്ടിയയാളാണെന്നാണ് വിവരം. സിദ്ധാർത്ഥൻ ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. ഒരാളെ പൊള്ളാച്ചിയിൽനിന്നും മറ്റൊരാളെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്.

കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്.പി നേരത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് സി.ഐമാരും സംഘത്തിലുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആരോപിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം വ്യാജപ്രചാരണം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.

ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഷാജഹാന്റെ മരണം അമിതമായി രക്തംവാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

ഇന്നലെ രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Summary: Palakkad Shahjahan murder case follow-up

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News