വധഭീഷണി: പാണക്കാട് മുഈനലി തങ്ങൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരുമെന്നായിരുന്നു ഭീഷണി

Update: 2024-01-21 04:24 GMT
Advertising

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണി. റാഫി പുതിയകടവ് എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഓഡിയോ സന്ദേശമടക്കം മലപ്പുറം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ഞായറാഴ്ച രാവിലെ മുഈനലി തങ്ങൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി.  

മുഈനാലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് ഭീഷണി. 'തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി സന്ദേശം. 

കഴിഞ്ഞദിവസം മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്ദുസ്സമദ് സമദാനി എം.പിയെയും മുഈനലി തങ്ങൾ പരോക്ഷമായി വിമർശിച്ചിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും മുഈനലി തങ്ങള്‍ തുറന്നടിച്ചു.

ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പുകഴ്ത്തലിനും മുഈനലി മറുപടി നല്‍കിയിരുന്നു. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു മുഈനലി തങ്ങളുടെ പരാമര്‍ശം. 

കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021ൽ ലീഗ് ഹൗസിൽ വെച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് റാഫിയെ പാർട്ടിയിൽനിന്ന് സസ്​പെൻഡ് ചെയ്തിരുന്നു. ഇന്ത്യ വിഷൻ ആക്രമണ കേസിലെ പ്രതി കൂടിയാണ് റാഫി.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News