ഒറ്റ ക്ലിക്ക് മതി; പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പാസ്പോര്‍ട്ട് അപേക്ഷ വെരിഫിക്കേഷന്‍ സ്റ്റാറ്റസ് അറിയാം
അപേക്ഷയുടെ വെരിഫിക്കേഷന്‍ സ്റ്റാറ്റസ് അറിയാനായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുക്കേണ്ട
തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷയുടെ വെരിഫിക്കേഷന്‍ സ്റ്റാറ്റസ് അറിയാനായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുക്കേണ്ട. ഇനി ഒറ്റ ക്ലിക്കില്‍ സ്റ്റാറ്റസ് അറിയാനാകും. കേരള പൊലീസിന്റെ Pol-Appലെ 'PASSPORT VERIFICATION STATUS' എന്ന ഓപ്ഷനിലൂടെയാണ് അപേക്ഷയിലെ നടപടികള്‍ എളുപ്പത്തില്‍ അറിയാനാകുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ Pol-App ഡൗണ്‍ലോഡ് ചെയ്യാം.
ട്രെയിന്‍ യാത്രകളിലും Pol-App
ട്രെയിന്‍ യാത്രകളില്‍ കേരള പൊലീസിന്റെ സഹായവും സുരക്ഷയും ലഭ്യമാക്കാന്‍ Pol-Appലെ 'റെയില്‍ മൈത്രി' (Rail Maithri) സേവനങ്ങള്‍ ഉപയോഗിക്കാം.
യാത്രക്കാര്‍ക്കായി റെയില്‍ മൈത്രി ഒരുക്കുന്ന പ്രധാന സൗകര്യങ്ങള്‍:
ലോണ്‍ലി പാസഞ്ചര്‍
രാത്രികാലങ്ങളിലോ ദീര്‍ഘദൂര യാത്രകളിലോ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സുരക്ഷ. വിവരങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ റെയില്‍വേ പോലീസിന്റെ നിരീക്ഷണവും സംരക്ഷണവും യാത്രയിലുടനീളം ഉറപ്പാക്കാം.
ലോസ്റ്റ് പ്രോപ്പര്‍ട്ടി ഗാലറി
യാത്രയ്ക്കിടയിലോ സ്റ്റേഷനിലോ വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെട്ടോ? റെയില്‍വേ പൊലീസിന് ലഭിച്ച സാധനങ്ങളുടെ വിവരങ്ങളും ഫോട്ടോകളും ഈ ഗാലറിയില്‍ പരിശോധിക്കാം.
സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാം
ട്രെയിനിലോ പ്ലാറ്റ്ഫോമിലോ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ തത്സമയം ഫോട്ടോ/വിവരങ്ങള്‍ സഹിതം പൊലീസിനെ അറിയിക്കാം.
രഹസ്യ വിവരങ്ങള്‍ പങ്കുവെക്കാം
ലഹരിക്കടത്ത്, മോഷണം തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ സുരക്ഷിതമായി പൊലീസിലേക്ക് കൈമാറാം.
പ്ലാറ്റ്ഫോമിലെ കടകളുടെ വിവരങ്ങള്‍
വിവിധ സ്റ്റേഷനുകളിലെ പ്രധാന കടകള്‍, ഭക്ഷണശാലകള്‍ എന്നിവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാം.