Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: ചികിത്സയ്ക്ക് പണം പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ ക്രിസ്റ്റ കാർ സമ്മാനമായി നൽകി രോഗിയുടെ കുടുംബം. ഷമീർ കുന്ദമംഗലത്തിനാണ് മലപ്പുറം കൊണ്ടോട്ടിയിലെ കുടുംബം ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചത്. വിമർശനമുയർന്നതോടെ ഷമീർ കാർ തിരികെ നൽകി. ജാഗ്രതക്കുറവുണ്ടായെന്നും വിവാദത്തിന് പിന്നിൽ ചില ചാരിറ്റി പ്രവർത്തകർ ആണെന്നും ഷമീർ കുന്ദമംഗലം പറഞ്ഞു.
മൂന്ന് കോടിയിലേറെ രൂപയാണ് എസ്എംഎ രോഗം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ചത്. ചികിത്സയ്ക്കുള്ള പണം ലഭിച്ചതിന് പിന്നാലെ കൊണ്ടോട്ടി മുണ്ടക്കുളത്ത് വെച്ച് കണക്ക് അവതരണവും ഷമീർ കുന്ദമംഗലത്തിന് യാത്രയയപ്പ് ചടങ്ങും നടത്തിയിരുന്നു. ഇവിടെ വെച്ചാണ് സെക്കൻഡ് ഹാൻഡ് ഇന്നോവ ക്രിസ്റ്റ കുടുംബം ഷമീർ കുന്നമംഗലത്തിന് സമ്മാനമായി നൽകിയത്.
സമാഹരിച്ച ചികിത്സാ ഫണ്ടിൽ കാറിനുള്ള തുക എടുത്തിട്ടില്ലെന്നും കുടുംബത്തിന്റെ സ്നേഹസമ്മാനമായിരുന്നു ഇന്നോവ ക്രിസ്റ്റയെന്നും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. 12 ലക്ഷത്തിൽ താഴെ മാത്രമേ കാറിന് ചെലവ് വന്നിട്ടുള്ളൂ വെന്നും കുടുംബം വിശദീകരിച്ചു. വിമർശനമുയർന്നത്തോടെ ഇന്നോവ ക്രിസ്റ്റ ഷമീർ കുന്ദമംഗലം കുടുംബത്തിന് തിരിച്ച് നൽകി. മൂന്ന് കോടി രൂപ സമാഹരിച്ച് ചികിത്സ നൽകാനായത്തോടെ എസ്എംഎ രോഗം ബാധിച്ച പതിനാലുകാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.