വെള്ളിയാഴ്ച പ്രാർഥനയ്ക്ക് അനുമതി വേണം; സമസ്ത പ്രതിഷേധ സംഗമം ഇന്ന്

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റുജില്ലകളില്‍ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് പ്രതിഷേധ സംഗമം.

Update: 2021-07-15 01:34 GMT
Advertising

വെള്ളിയാഴ്ച പ്രാർഥനയ്ക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് സമസ്ത ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റുജില്ലകളില്‍ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് പ്രതിഷേധം നടക്കുക. പ്രാദേശിക തലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിലും പ്രതിഷേധസംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ബുധനാഴ്ചയിലെ പെരുന്നാൾ നമസ്കാരവും അനുവദിക്കണമെന്നാണ് ആവശ്യം. സമരത്തിലേക്ക് തള്ളിവിടാതെ സർക്കാർ ആവശ്യം അംഗീകരിക്കണമെന്നും വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബ്ബല്യമായി കാണരുതെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. നിലവിൽ 15 പേർക്ക് മാത്രമാണ് പള്ളികളില്‍ പ്രവേശനത്തിന് അനുമതി.

വെള്ളിയാഴ്ച 40 പേരെ പങ്കെടുപ്പിച്ച് ജുമാ നമസ്‌ക്കാരത്തിന് അനുവദിക്കണമെന്ന് സമസ്ത സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. മറ്റെല്ലാത്തിനും പല തരത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ജുമാനമസ്‌ക്കാരത്തിന് അനുമതി നല്‍കാത്തത് അംഗീകരിക്കാനാവില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വെളളിയാഴ്ചയിലെ ജുമുഅ നമസ്കാരങ്ങൾക്കും ബലിപെരുന്നാൾ നമസ്കാരത്തിനും അനുമതി വേണമെന്നാവശ്യപ്പെട്ട് നേരത്തേ സുന്നി നേതാവായ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ  സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരുന്നു. ജൂലൈ 21 നാണ് കേരളത്തിൽ ബലിപെരുന്നാളാഘോഷിക്കുന്നത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News