പാലക്കാട്ട് മൂന്ന് പവൻ മോഷ്ടിക്കുന്നതിനായി വയോധികയെ കൊന്നത് വീട്ടിൽ ജോലിക്കെത്തിയവര്‍

ചിറ്റൂർ സ്വദേശികളുമായ ബഷീർ, സത്യഭാമ എന്നിവർ കുറ്റം സമ്മതിച്ചതായി പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു

Update: 2023-01-03 02:25 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: പാലക്കാട് കൊടുമ്പിൽ മൂന്ന് പവൻ മോഷ്ടിക്കുന്നതിനായി വയോധികയെ കൊന്നത് വീട്ടിൽ ജോലിക്ക് വന്നവർ. മാല പൊട്ടിക്കുന്നത് തടഞ്ഞ പത്മാവതിയെ കഴുത്തിൽ തോർത്തിട്ടു മുറുക്കിയാണ്  കൊലപ്പെടുത്തിയത്. ചിറ്റൂർ സ്വദേശികളുമായ ബഷീർ, സത്യഭാമ എന്നിവർ കുറ്റം സമ്മതിച്ചതായി പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

മൂന്ന് പവൻ സ്വർണ മാലയ്ക്കു വേണ്ടിയാണ് 74കാരിയായ പത്മവതിയെ വീട്ടിൽ ജോലിക്ക് എത്തിയവർ കൊന്നത്. വീട്ടിലെ കെട്ടിടം പണിക്ക് വന്നവര്‍ക്ക് ഭക്ഷണം നൽകാനായി പത്മാവതിയെത്തുമ്പോള്‍ അവരുടെ മാലയിലായിരുന്നു ബഷീറും സത്യഭാമയും കണ്ണു വെച്ചിരുന്നത്. മുന്‍ കൂട്ടി പദ്ധതിയിട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും പുതുവര്‍ഷത്തിന്‍റെ തലേന്നാള്‍ ഉച്ചയ്ക്ക് പത്മാവതിയുടെ കഴുത്തിലെ മാല മോഷ്ടിക്കാന്‍ തീരുമാനിച്ചു. മോഷണം പിടിക്കപ്പെടുമെന്നു തോന്നിയാല്‍ അവരെ കൊല്ലണമെന്നും ഇരുവരും തീരുമാനിച്ചിരുന്നു.

Advertising
Advertising

പത്മാവതിയും മകനും കുടുംബവും പുറത്തു പോയിരുന്നതിനാല്‍ രാത്രിയാണ് അവര്‍ അമ്മയെ തിരഞ്ഞത്. പഴയ വീട്ടില്‍ വീണു കിടക്കുന്ന അമ്മ മരിച്ചതായി മനസ്സിലാക്കിയെങ്കിലും പിന്നീടാണ് കഴുത്തിലെ മാല മോഷണം പോയത് അറിയുന്നത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ ജോലിക്ക് വന്നവരേയും, അതിഥികളായി വന്നവരേയും ചുറ്റിപ്പറ്റിയായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. അതില്‍ നിന്നാണ് ബഷീറിലേക്കും സത്യഭാമയിലേക്കും അന്വേഷണം എത്തിയത്. ബഷീര്‍ ഒളിവില്‍ പോയതായി മനസ്സിലാക്കിയ പൊലീസ് സത്യഭാമയെ കസ്റ്റഡിയിലെടുത്തു. അതോടെ മോഷണം കൊലപാതകത്തിലേക്ക് വഴിമാറിയതെങ്ങനെയെന്ന് സത്യഭാമ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച മാലയുമായി ബഷീര്‍ ജ്വല്ലറിയില്‍ പോകുന്നതും മാല വില്‍ക്കുന്നതും കിട്ടിയ പണത്തില്‍ ഒരു പങ്കു സത്യഭാമയ്ക്ക് ബഷീര്‍ നല്‍കിയതിനു ശേഷം കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂരിൽ വെച്ചാണ് ബഷീറിനെ പിടികൂടിയത്.

ഇരുവരും അടുത്തകാലത്തായി വിലകൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയിരുന്നു. അതിന്‍റെ തിരിച്ചടവ് മുടങ്ങിയതാണ് ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News