'വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാകില്ല'; മന്ത്രി വി. അബ്ദുർറഹ്മാന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ

വേണമെങ്കിൽ നിന്റെ വീട്ടിൽ പോലും ഞങ്ങൾ കടന്നുകയറും എന്നായിരുന്നു കെ.എം ഷാജിയോട് മന്ത്രി പറഞ്ഞത്.

Update: 2023-05-15 15:02 GMT

മലപ്പുറം: കെ.എം ഷാജിക്കെതിരായ മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രസംഗത്തിന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ. ഷാജിയുടെ വീട്ടിൽ കയറും എന്നത് അബ്ദുറഹ്മാന്റെ തോന്നൽ മാത്രമാണെന്നും വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാകില്ല എന്ന് ഓർക്കുന്നതാണ് നല്ലതെന്നും എംഎൽഎ പറഞ്ഞു.

ആളുകളോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ ഞങ്ങൾ പറയും. ബാക്കി പണി ഞങ്ങൾക്ക് അറിയാമെന്നും പി.കെ ബഷീർ വ്യക്തമാക്കി.ലീഗിൽ ഓരോരുത്തരെ ഉന്നം വെക്കേണ്ട, എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി വർധനയ്ക്ക് എതിരെ മലപ്പുറത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി.കെ ബഷീർ എംഎൽഎ.

Advertising
Advertising

മന്ത്രിക്ക് മറുപടിയുമായി കെ.എം ഷാജി നേരത്തെ രം​ഗത്തെത്തിയിരുന്നു. തന്നെ ചീത്ത വിളിച്ച് വിരട്ടാൻ നോക്കേണ്ടെന്നായിരുന്നു മന്ത്രിക്ക് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ മറുപടി. പൈസ കണ്ടാൽ മുട്ടുവിറയ്ക്കുന്ന സഖാക്കളെയേ അബ്ദുറഹ്മാൻ കണ്ടിട്ടുള്ളൂ. ലീഗിനെ എൽഡിഎഫിനൊപ്പം ചേർക്കാമെന്ന എം.വി ഗോവിന്ദന്റെ പൂതി മനസിൽ വെച്ചാൽ മതിയെന്നും കെ.എം ഷാജി കോഴിക്കോട്ട് പറഞ്ഞു.

'മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല. വേണമെങ്കിൽ നിന്റെ വീട്ടിൽ പോലും ഞങ്ങൾ കടന്നുകയറും. ഇത് കെ.എം ഷാജി ഓർക്കുന്നത് നല്ലതാണ്'- എന്നായിരുന്നു മന്ത്രിയുടെ പ്രസം​ഗം.

'രണ്ടു തവണ നിങ്ങളെ തോൽപ്പിച്ചാണ് താനൂരിൽ നിന്ന് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോൽപ്പിച്ചാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗമായിരിക്കുന്നത്'- എന്നും മന്ത്രി പറഞ്ഞിരുന്നു. ഈ ഈ പരാമർശത്തിനാണ് കെ.എം ഷാജിയുടെയും പി.കെ ബഷീർ എംഎൽഎയുടേയും മറുപടി.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News