'പി.കെ ശശിയെ ക്ഷണിച്ചത് കെടിഡിസി ചെയർമാൻ എന്ന നിലയില്‍'; മണ്ണാർക്കാട് നഗരസഭ ചെയർമാന്‍ ഫായിദ ബഷീർ
''പരിപാടി ഉദ്ഘാടനത്തിന് ആരെ ക്ഷണിക്കണം എന്ന കാര്യം കൗൺസിലില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല''
പാലക്കാട്: യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തിൽ പി.കെ ശശിയാണ് തീരുമാനം പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് നേതാവും മണ്ണാർക്കാട് നഗരസഭ ചെയർമാനുമായ ഫായിദ ബഷീർ. കെടിഡിസി ചെയർമാൻ എന്ന നിലയിലാണ് നഗരസഭയുടെ പരിപാടിയിലേക്ക് പി.കെ ശശിയെ ക്ഷണിച്ചത്.പി.കെ കുഞ്ഞാലിക്കുട്ടി,എം.പി തുടങ്ങി നിരവധി പേരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാ പരിപാടികളുടെ വിശദാംശങ്ങളും കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാറില്ലെന്ന് ഫായിദ ബഷീർ മീഡിയവണിനോട് പറഞ്ഞു.
പരിപാടി ഉദ്ഘാടനത്തിന് ആരെ ക്ഷണിക്കണം എന്ന കാര്യം കൗൺസിലില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.എന്നാല്‍ ഇക്കാര്യം കൗൺസിലില്‍ അറിയിക്കണമെന്നും ഫായിദ ബഷീര്‍ പറഞ്ഞു.
അതേസമയം, പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.സ്ത്രീ പീഡന ആരോപണം നേരിടുന്ന ആൾക്ക് കോൺഗ്രസ് പരവതാനി വിരിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ പറഞ്ഞു.ശശിയെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗർഭാഗ്യകരമാണെന്നും പി. കെ ശശി യുഡിഎഫിലേക്ക് എന്ന വാർത്ത മുന്നണി ദുർബലപ്പെടുത്താനാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇന്നലെ രാത്രിയിൽ സിപിഎം മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചതിൽ പി. കെ ശശിയുടെ അനുയായി അഷറഫിനെ പൊലീസ് പിടികൂടി. സിപിഎമ്മുമായി അകലുന്ന പി. കെ ശശി യുഡിഎഫുമായി സഹകരിക്കാനാണ് സാധ്യത. പി.കെ ശശി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട് നിർണായകമാണ്.