'മണ്ണാർക്കാട്ടെ തങ്ങളാണ് പികെ ശശി'; വനിതാ ലീഗ് നേതാവ് രാജിവച്ച് സിപിഎമ്മിൽ

"ലീഗായാലും കോൺഗ്രസായാലും മാർക്‌സിസ്റ്റ് പാർട്ടിയായാലും മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പികെ ശശിയാണ്."

Update: 2021-10-22 05:44 GMT
Editor : abs | By : Web Desk

മണ്ണാർക്കാട്: മണ്ണാർക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശിയാണെന്നും എല്ലാ രാഷ്ട്രീയപ്പാർട്ടികളും കാര്യങ്ങള്‍ക്കായി അദ്ദേഹത്തെയാണ് ആശ്രയിക്കുന്നതെന്നും മുസ്‌ലിംലീഗിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്ന ഷഹന കല്ലടി. 'മണ്ണാർക്കാട്ടെ ലീഗിൽ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പികെ ശശിയിലാണ്' എന്നാണ് വനിതാ ലീഗ് നേതാവിന്റെ പ്രസംഗം. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നെത്തിയവർക്ക് സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുസ്‌ലിംലീഗിന്റെ സൈബറിടത്തിൽ ശ്രദ്ധിക്കപ്പെട്ട പേരാണ് ഷഹന കല്ലടി. നഗരസഭാ മുൻ കൗൺസിലറാണ്.

Advertising
Advertising

'എന്നെപ്പോലെ ഒരാൾക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകില്ല. അത് ഞാൻ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് ഞാൻ ഇവിടെ വന്നത്. അതിൽ എനിക്ക് കുറ്റബോധമില്ല. മണ്ണാർക്കാട് രാഷ്ട്രീയത്തിൽ ഞാൻ കാണുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും, ലീഗായാലും കോൺഗ്രസായാലും മാർക്‌സിസ്റ്റ് പാർട്ടിയായാലും മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പികെ ശശിയാണ്. ഇത് ഞാനാ പാർട്ടിയിരുന്ന് സംസാരിച്ചതാണ്. ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ടെ ലീഗിൽ എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പികെ ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോൾ നേരിട്ടു പോയാൽപ്പോരേ, എന്തിനാണ് അതിന്റെ ഇടയിൽ ഒരാൾ എന്ന് ചിന്തിച്ചു. സഖാവിന്റെ അടുത്ത് നേരിട്ടുവന്ന് കാര്യങ്ങൾ പറഞ്ഞാൽപ്പോരേ? എന്നെപ്പോലെ ഒരാൾക്ക് അതിന് ഇടയിൽ നിൽക്കാൻ ഒരാൾ ആവശ്യമില്ല.' - അവർ പറഞ്ഞു.

റൂറൽ ബാങ്ക് ഹാളിൽ നടന്ന സ്വീകരണം സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി, ടിപി ഉഷ, എം ഉണ്ണീൻ, കെഎൻ സുശീല, എം വിനോദ് കുമാർ, എം വിജയകൃഷ്ണൻ, കെ ശോഭൻകുമാർ എന്നിവർ സംസാരിച്ചു. 



Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News