ഇ.എൻ സുരേഷ് ബാബു സ്വയം മാറിയെന്നാണ് പറഞ്ഞത്; അങ്ങോട്ട് പോയി കുത്തി ചോദിക്കാൻ ഞങ്ങളില്ല: പി.കെ ശ്രീമതി
എല്ലാ കാര്യങ്ങളും ഞങ്ങൾ അറിയണമെന്നില്ലെന്നുമായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം
തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു തൽസ്ഥാനത്ത് നിന്ന് സ്വയം മാറിയതാണെന്നും, എന്നാൽ മാധ്യമങ്ങൾ അങ്ങനെ അല്ലെന്നാണ് പറയുന്നതെന്നും അങ്ങോട്ട് പോയി കുത്തിച്ചോദിക്കാൻ ഉദേശിക്കുന്നില്ലെന്നും മുതിർന്ന സിപിഎം പ്രവർത്തക പി.കെ ശ്രീമതി. സെക്രട്ടറിയേറ്റിൽ ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പാർട്ടിക്ക് മുന്നിൽ വരുമായിരുന്നു. തങ്ങളുടെ ശ്രദ്ധയിൽ അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും, പരാതിയില്ലാത്ത വിഷയത്തിൽ എങ്ങനെ മറുപടി പറയുമെന്നും അവർ ചോദിച്ചു.
പാലക്കാട് ജില്ലാ കമ്മിറ്റിയിൽ അദ്ദേഹം സ്വയം സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിച്ച റിപ്പോർട്ട് എന്നും അവർ വിശദീകരിച്ചു. പരാതി ലഭിച്ചാൽ മാത്രം ഇടപെടാൻ കഴിയുന്ന വിഷയമാണിതെന്നും, മാധ്യമങ്ങളിൽ വാർത്ത കണ്ടതുകൊണ്ട് മാത്രം അതിനെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ ശ്രീമതി എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പി.കെ ശ്രീമതി ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ ഒരു പെൺകുട്ടിയുണ്ടെന്നാണ് വാർത്തയെന്നും പാർട്ടിക്ക് പരാതി കിട്ടിയോ എന്ന് ഇതുവരെ ചോദിച്ചില്ലെന്നും ഇങ്ങോട്ട് പറയട്ടെയെന്നും എല്ലാം ഞങ്ങൾ അറിയണമെന്നില്ലെന്നുമായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.
അതേസമയം, പി.പി ദിവ്യ സിപിഎമ്മുമായി അകലുന്നെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്കും ശ്രീമതി മറുപടി നൽകി. പി.പി ദിവ്യ പാർട്ടി വിട്ട് എങ്ങോട്ടും പോകില്ലെന്നും ദിവ്യ പാർട്ടി അംഗമാണെന്നും അവർ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ വാർത്തവരുന്ന സാഹചര്യം ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിലായതോടെയാണെന്ന് മുൻ മന്ത്രി വീണാ ജോർജ് പറഞ്ഞു. താൻ റെയിൽവേ സ്‌റ്റേഷനിലൂടെ നടന്നുപോകുമ്പോൾ ഒരുകൂട്ടം ആളുകൾ ചാടിവീഴുകയായിരുന്നു. തന്റെ അടുത്തെത്തിയ ആളുടെ കയ്യിൽ കരിങ്കൊടിയില്ലായിരുന്നു. നടന്നുപോകുന്ന ആളുടെ നേർക്കാണ് ഒരുകൂട്ടം ആളുകൾ ചാടിവീണതെന്നും വീണാ ജോർജ് പറഞ്ഞു. അതേസമയം ഗൺമാൻ മൊഴി മാറ്റിയത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.
അഞ്ച് വർഷം തന്നെ വേട്ടയാടിയ ചില മാധ്യമപ്രവർത്തകർ ഇപ്പോഴും വേട്ടയാടുകയാണ്. അതിൽ പരാതിയില്ല. ഒരു ദിവസം സത്യം ഉയർത്തെഴുന്നേൽക്കും. തന്റെ മൊഴി എന്താണെന്ന് മാധ്യമങ്ങൾക്കറിയില്ല. ഈ വിഷയത്തിൽ വിശദമായി മാധ്യമങ്ങളെ കാണുമെന്നും വീണാ ജോർജ് പറഞ്ഞു.