ഐഷ സുൽത്താനയെ കവരത്തി പൊലീസ് രണ്ടാമതും ചോദ്യംചെയ്യുന്നു

ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ കൂടുതര്‍ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചു

Update: 2021-06-23 07:58 GMT
Advertising

മീഡിയവണ്‍ ചർച്ചയിലെ പരമാർശത്തിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ കവരത്തി പൊലീസ് രണ്ടാമതും ചോദ്യംചെയ്യുന്നു. രാവിലെ 10.30നാണ് ഐഷ സുല്‍ത്താന ചോദ്യംചെയ്യലിന് ഹാജരായത്.

ബയോ വെപ്പൺ പരാമർശം നടത്തിയതിന്‍റെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻകൂർജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ഐഷയെ മൂന്ന് മണിക്കൂറാണ് ചോദ്യംചെയ്തത്. പിന്നീട് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കി ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഐഷക്ക് ഇന്നലെ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് കോവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ കൂടുതര്‍ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എളമരം കരിം, ഡോ. ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് കോടതിയില്‍ ഇന്ന് ഹരജി നല്‍കിയത്. എംപിമാരായ ഹൈബിയും ടി എന്‍ പ്രതാപനും ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ച് വലിയ ഒരു സംഘം ദ്വീപിലെത്തിയതായി എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ രണ്ടു തരം നിലപാട് ശരിയല്ലെന്നും നിസാര കാരണങ്ങൾ കാണിച്ചു പാർലമെന്റ് അംഗങ്ങൾക്കു അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News