എൻ.വാസുവിന് കൈവിലങ്ങ് വെച്ചത് അനുവാദത്തോടെയെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി
പ്രത്യേക ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും പ്രതികളെ കൊണ്ടുപോകുമ്പോൾ ചെയ്യുന്ന നടപടിയുടെ ഭാഗമായി മാത്രമാണ് കൈവിലങ്ങ് വെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസുകാർ. വാസുവിനെ കൈവിലങ്ങ് വെച്ചത് അനുവാദത്തോടെയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി.
ഒരു കൈയിൽ വിലങ്ങ് വെക്കുന്ന കാര്യം വാസുവിനെ അറിയിച്ചിരുന്നുവെന്നും വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് വെച്ചതെന്നും പൊലീസുകാർ പറയുന്നു. പ്രത്യേക ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും പ്രതികളെ കൊണ്ടുപോകുമ്പോൾ ചെയ്യുന്ന നടപടിയുടെ ഭാഗമായി മാത്രമാണ് കൈവിലങ്ങ് വെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
എആർ ക്യാമ്പിലെ എസ്‌ഐയുടെയും നാലു പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കമ്മീഷണറുടെ നിർദേശപ്രകാരം എആർ ക്യാമ്പ് കമാണ്ടന്റാണ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.