രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെതിരെ കേസെടുത്ത് പൊലീസ്
വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.
ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതിനിടെ പാലക്കാട്ടെ ഹെഡ്ഗേവാർ വിവാദം തണുപ്പിക്കാന്‍ പൊലീസ് വിളിച്ച സർവകക്ഷിയോഗം പൂർത്തിയായി.പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് മാർച്ചും വ്യക്തി അധിഷ്ഠിതമായ പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപിയെയും എംഎൽഎയെയും തുറന്ന പോരിലേക്ക് നയിച്ചത്. പദ്ധതിക്ക് ആർഎസ്എസ് നേതാവിൻ്റെ പേരിടാൻ അനുവദിക്കില്ലെന്ന് പാലക്കാട് എംഎൽഎ പ്രഖ്യാപിച്ചിരുന്നു.