കണ്ണൂരില്‍ ബസ്സില്‍ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം: സ്വമേധയാ കേസെടുത്ത് പൊലീസ്

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

Update: 2023-05-29 07:48 GMT

കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ മധ്യവയസ്കന്‍ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

ചെറുപുഴയിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്നതിനായി സ്റ്റാന്‍റില്‍ നിർത്തിയിട്ട സ്വകാര്യ ബസ്സിലാണ് യുവതിക്ക് നേരെ മധ്യവയസ്കന്‍റെ നഗ്നതാപ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു ബസ്സിലുണ്ടായിരുന്നത്. യുവതിയുടെ എതിർ ഭാഗത്തെ സീറ്റിൽ വന്നിരുന്ന ഇയാൾ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം നടത്തി. തുടർന്നായിരുന്നു നഗ്നതാപ്രദർശനം. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.

Advertising
Advertising

ഭക്ഷണം കഴിക്കാൻ പോയ ബസ് ജീവനക്കാർ മടങ്ങിയെത്തുന്നത് കണ്ടതോടെ ഇയാൾ ബസിൽ നിന്നും വേഗത്തിൽ പുറത്തേക്ക് പോയി. പകച്ചുപോയ യുവതി സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവർ പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് യുവതി ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ പൊലീസില്‍ പരാതി നൽകാൻ ഇതുവരെ യുവതി തയ്യാറായിട്ടില്ല. സംഭവത്തിൽ സ്വമേധയാ നടപടി എടുത്തതായി പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രൻ പറഞ്ഞു.

ചെറുപുഴ സ്വദേശിനിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News