'ജോസഫൈനെ ചവിട്ടി പുറത്താക്കണം, തമ്പുരാട്ടി ഭരണമൊക്കെ അങ്ങ് വീട്ടില്‍...' പോരാളി ഷാജി

'ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് തന്‍റെ ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത ജോസഫൈന് വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല'

Update: 2021-06-24 09:34 GMT
Advertising

സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. സി.പി.എം അനുകൂല ഫേസ്ബുക് പേജായ പോരാളി ഷാജിയും വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തുവന്നു. ഇത്രയും ക്ഷമയില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മീഷനായി നിയമിച്ച സർക്കാർ അടിയന്തിരമായി ആ തെറ്റ് തിരുത്തണം.പോരാളി ഷാജി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത ജോസഫൈന് വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നും പോരാളി ഷാജി പറയുന്നു.

നേരത്തെ തന്നെ സൈബര്‍ സ്പേസുകളില്‍ ഇടത് അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍  വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തെത്തിയിരുന്നു. എഴുത്തുകാരി ശാരദക്കുട്ടി, അധ്യാപിക ദീപാ നിഷാന്ത്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങി വലിയൊരു വിഭാഗം തന്നെ ജോസഫൈന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു ആഷിഖ് അബുവിന്‍റെ പ്രതികരണം. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് എം സി ജോസഫൈന്‍ സ്ഥാനമൊഴിയണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.

"എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്.. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്‍റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു". അധ്യാപികയായ ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു

ഇടത് അനുകൂല  പ്രൊഫൈലുകളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം അനുകൂല പേജായ പോരാളി ഷാജിയും ശക്തമായ ഭാഷയില്‍ എം.സി ജോസഫൈനെ വിമര്‍ശിച്ച് രംഗത്തുവന്നത്

പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്

വനിതാ കമ്മീഷൻ ആണുപോലും...

ഇത്രയും ക്ഷമായില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മീഷനായി നിയമിച്ച സർക്കാർ അടിയന്തിരമായി ആ തെറ്റ് തിരുത്തണം.

എം സി ജോസഫൈൻ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഭവിച്ചു വളർന്നുവന്നതാണ്. അങ്ങനെയാണ് അവർ പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ എത്തിയത്.

പക്ഷേ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് തന്റെ ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത അവർ വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നുപറയേണ്ടി വരുന്നതിൽ വിഷമമുണ്ട്.

വനിതാ കമ്മീഷനിലേക്ക് പരാതി പറയാൻ വിളിക്കുന്നവരെല്ലാം അതിന്റെ നിയമം വ്യവസ്ഥകൾ അറിയണമെന്നില്ല.

പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാഞ്ഞത് ഒരു മഹാ അപരാധമായി പോയി. അതുകൊണ്ട് പീഡനമെല്ലാം നിങ്ങൾ സഹിച്ചോ എന്നുപറയുന്നതിന്റ യുക്തി എന്താണാവോ?

ഇത്തരത്തിൽ പെരുമാറുന്ന ഒരു കമ്മീഷന്റെ മുന്നിൽ പരാതിയുമായി പോകുന്നതിനേക്കാൾ നല്ലത് ഭർത്താവിന്റെ തല്ലുകൊണ്ട് ചാകുന്നതാണ്, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല...

Full View

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News