'കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത്'; ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാർ

സീരിയലുകളെ വിമർശിച്ചുകൊണ്ടുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ 'ആത്മ' രംഗത്തുവന്നിരുന്നു

Update: 2024-12-06 09:49 GMT

തിരുവനന്തപുരം: ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ'യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാർ. കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത്. അപചയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അഭിനേതാക്കൾ ഏറ്റെടുക്കേണ്ട. തന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും പ്രേംകുമാർ പറഞ്ഞു. സീരിയലുകളെ വിമർശിച്ചുകൊണ്ടുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ ആത്മ രംഗത്തുവന്നിരുന്നു. 

'ഞാനൊരു സീരിയൽ വിരുദ്ധനല്ല, സീരിയലുകൾ നിരോധിക്കണം എന്നല്ല പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് ഉയർത്തിയത്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. കാളപെറ്റു എന്ന് കോൾക്കുമ്പോൾ കയറെടുക്കരുത്. ഇപ്പോൾ ഈ മറുപടിയെങ്കിലും പൂർണമായി വായിക്കാനും മനസിലാക്കാനും നിങ്ങൾ തയ്യാറാകണം'- പ്രേംകുമാർ തുറന്നകത്തിൽ പറയുന്നു.

Advertising
Advertising

ഒരിക്കല്‍ തന്റെ ജീവിതോപാധിയായിരുന്ന മലയാള സീരിയലുകള്‍ എന്‍ഡോസൾഫാനേക്കാള്‍ വിഷലിപ്തമാണെന്ന പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചായിരുന്നു ആത്മ രംഗത്തെത്തിയത്. എന്തെങ്കിലും കുറവുകള്‍ സീരിയലുകള്‍ക്കുണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതലയിലാണ് പ്രേംകുമാര്‍ ഇരിക്കുന്നത്. പ്രേംകുമാര്‍ അതിന് ശ്രമിക്കാതെ കയ്യടിക്ക് വേണ്ടി ആരോപണങ്ങള്‍ ഉയര്‍ത്തുയാണ്. സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസൾഫാന്‍ വിതറിയിരിക്കുന്നത്. മുന്‍പ് ആത്മയിലെ അംഗം കൂടിയായിരുന്ന താങ്കള്‍ ഇതേ പരാമര്‍ശത്തില്‍ ആത്മയുടെ ജനറല്‍ബോഡിയില്‍ മാപ്പ് പറഞ്ഞത് മറക്കരുതെന്നും ആത്മ അം​ഗങ്ങൾ കത്തിൽ വ്യക്തമാക്കിയിരുന്നു.  

സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News