ജപ്തിക്ക് പിന്നാലെ വിദ്യാർഥിനിയുടെ മരണം; ബാങ്ക് ഇടപെടലിൽ റിപ്പോർട്ട് നൽകാനുള്ള നടപടി ഇഴയുന്നു

അഭിരാമിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സഹകരണ മന്ത്രി വി.എൻ വാസവൻ ബാങ്ക് അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് അറിയിച്ചിരുന്നു.

Update: 2022-09-22 01:38 GMT
Advertising

കൊല്ലം: വീടിനു മുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് ഇടപെടൽ പരിശോധിച്ച് റിപ്പോർട്ട് നൽകാനുള്ള നടപടി ഇഴയുന്നു. സംഭവത്തിൽ ആര് അന്വേഷണം നടത്തുമെന്ന് വ്യക്തമായിട്ടില്ല.

അഭിരാമിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സഹകരണ മന്ത്രി വി.എൻ വാസവൻ ബാങ്ക് അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് അറിയിച്ചിരുന്നു. വിഷയം പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അഭിരാമിയുടെ വീട്ടിലെത്തി മന്ത്രി കെ എൻ ബാലഗോപാലും ഇതേ ഉറപ്പാണ് നൽകിയത്.

എന്നാൽ ബാങ്കിന്റെ ഇടപെടലുകൾ സംബന്ധിച്ച് ആര് അന്വേഷണം നടത്തുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. കേരള ബാങ്കിന്റെ ബ്രാഞ്ച് ഏരിയ മാനേജർമാർ നേരിട്ടെത്തി ആയിരുന്നു ജപ്തി ബോർഡ് സ്ഥാപിച്ചത്. ഇവരെ മാറ്റിനിർത്തി റവന്യൂ റിക്കവറി വിഭാഗത്തിനെതിരെ മാത്രമാകുമോ അന്വേഷണം എന്നും കണ്ടറിയണം.

ഇന്നലെ ബാങ്ക് അവധി ആയതിനാൽ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നില്ല. അതേസമയം, പ്രതിപക്ഷ യുവജന സംഘടനകൾ ഇന്ന് ബാങ്കിലേക്ക് മാർച്ച് നടത്തും. കേരള ബാങ്കിന്റെ പതാരം ബ്രാഞ്ചിലേക്കാണ് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുക. ബാങ്ക് അധികൃതരുടെ ഔദ്യോഗിക വിശദീകരണം വരുമോ എന്നതും ശ്രദ്ധേയമാണ്.

വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ നടപടി വേണമെന്ന് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ ബാങ്ക് പരിശോധിച്ചോയെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപ്പിള്ള ആവശ്യപ്പെട്ടു.

ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി(20) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. അഭിരാമിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടീസ് പതിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News