' പോക്കറ്റ് മണി കണ്ടെത്താന്‍ ക്യാമ്പസിൽ ലഹരി വിറ്റു, ലാഭം 6000 രൂപ വരെ'; പ്രതിയുടെ മൊഴി
18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റെന്നും അറസ്റ്റിലായ ഷാലിഖ്
കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു. പോക്കറ്റ് മണി കണ്ടെത്തുന്നതിനും വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വില്പന നടത്തിയെന്നും ഷാലിഖ് പൊലീസിന് മൊഴി നൽകി.റെയ്ഡിനിടെ ആകാശിനോട് 'സേഫ് അല്ലേ' എന്ന് ചോദിച്ച വിദ്യാർഥിയെയും ചോദ്യം ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിിന്ന് കണ്ടെത്തിയത്.ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
അതേസമയം, കളമശ്ശേരി പോളിടെക്നികിലെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോളേജ് പ്രഖ്യാപിച്ച അന്വേഷണം ഉടൻ ആരംഭിക്കും. കേസിൽ അറസ്റ്റിലായ വിദ്യാർഥികളിൽ നിന്ന് സമിതി മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കഞ്ചാവ് ഇടപാടിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൂടി പിടികൂടാനുണ്ട്. ഇയാളാണ് കഞ്ചാവ് വിദ്യാർഥികളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച ആലുവ സ്വദേശികൾക്ക് നൽകിയിരുന്നത്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.