സ്കൂള്‍ മുറ്റത്തേക്ക് ചേതനയറ്റ് മിഥുന്‍ വീണ്ടുമെത്തി; കണ്ടുനില്‍ക്കാനാകാതെ കൂട്ടുകാരും അധ്യാപകരും, കണ്ണീർക്കടലായി കൊല്ലം തേവലക്കര സ്‌കൂൾ

രണ്ടുദിവസം മുന്‍പ് മിഥുന് ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയിരുന്നെന്ന് കൂട്ടുകാര്‍ വേദനയോടെ പറയുന്നു

Update: 2025-07-19 08:29 GMT
Editor : Lissy P | By : Web Desk

കൊല്ലം: ഈ അധ്യയന വര്‍ഷമാണ് മിഥുന്‍ കൊല്ലം തേവലക്കര ഹൈസ്കൂളില്‍ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല. അതിനിടെയാണ് അതേ സ്കൂള്‍ മൈതാനത്ത് വെച്ച് തന്നെയാണ് എട്ടാം ക്ലാസുകാരനായ മിഥുനിന്‍റെ ജീവന്‍ കൂട്ടുകാരുടെ മുന്നില്‍ വെച്ച് പൊലിയുന്നത്.ക്ലാസ് തുടങ്ങിയിട്ട് അധിക നാള്‍ ആയില്ലെങ്കിലും വലിയൊരു സൗഹൃദ വലയം മിഥുന്‍ ഉണ്ടാക്കിയെടുത്തത്.

മികച്ച ഫുട്ബോള്‍ കളിക്കാരന്‍ കൂടിയാണ് മിഥുന്‍. രണ്ട് ദിവസം മുന്‍പ് നടന്ന സെലക്ഷന്‍ ട്രയലിലും അവന്‍ പങ്കെടുത്തിരുന്നു.മിഥുന് ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ടെന്ന്  സുഹൃത്തുക്കള്‍ വേദനയോടെ പറയുന്നു..ഈ വര്‍ഷം എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹവും മിഥുന്‍ പ്രകടിപ്പിച്ചിരുന്നെന്നും അതിനായി എന്‍‍റോള്‍ചെയ്തിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞു.

Advertising
Advertising

തന്‍റെ  സ്കൂളിലേക്ക്,പ്രിയപ്പെട്ട കൂട്ടുകാരുടെ മുന്നിലേക്ക് മിഥുന്‍ ഇന്ന് വീണ്ടുമെത്തി. പക്ഷേ ഇത്തവണ കളിചിരികളില്ലാതെ, കൂട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കിടയിലേക്കാണ് മിഥുന്‍ ചേതനയറ്റ് എത്തിയത്.മിഥുനിനെ അവസാനമായി ഒരുനോക്ക് കാണാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്.  ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം രാവിലെ പത്തുമണിയോടെയാണ് സ്കൂളിലേക്ക് കൊണ്ടുപോയത്.എന്നാല്‍ വിലാപയാത്രയായി സ്കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം നാല് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്.രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് തെറിച്ചുവീണ സൈക്കിൾ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു.ഇതിനെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ  സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് കരയുകയായിരുന്നു.വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോയി.  

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News