'വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാര'; കോൺഗ്രസ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
യുഡിഎഫ് മെമ്പർമാർ വോട്ടെടുപ്പിന് എത്താത്തിനെതുടർന്ന് കാസർകോട് പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു
കാസർകോട്: കാസർകോട് പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണെന്നും അവർക്ക് പിന്നിൽ ചിലരുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഇപ്പോൾ ആരുടെയും പേര് പറയുന്നില്ല, ഇവർക്കെതിരെ നേതൃത്വം നടപടി എടുക്കണം. നടപടി എടുത്തില്ലെങ്കിൽ, കടുത്ത നിലപാട് എടുക്കേണ്ടിവരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
യുഡിഎഫ് മെമ്പർമാർ വോട്ടെടുപ്പിന് എത്താത്തിനെതുടർന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തർക്കമാണ് വിട്ടുനിൽക്കാൻ കാരണം. ബിജെപി അംഗവും തെരഞ്ഞെടുപ്പിനായി എത്തിയില്ല. ബിജെപി അംഗം കൂടി വിട്ടുനിന്നതോടെ കോറം തികയാത്തതിനെ തുടർന്ന് വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.
എൽഡിഎഫ് 9, യുഡിഎഫ് 9, എൻഡിഎ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില