അർഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വി ഡി സതീശന്‍, കൊച്ചനുജന് ആശംസകള്‍: രമേശ് ചെന്നിത്തല

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രമേശ് ചെന്നിത്തലയെ ആദ്യമായി കണ്ടത്. അന്ന് മുതല്‍ ഇന്നുവരെ അനുജനെ പോലെ ചേര്‍ത്തുനിര്‍ത്തിയെന്ന് വി ഡി സതീശന്‍

Update: 2021-05-24 03:17 GMT

മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അർഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശൻ. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും യുഡിഎഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച് പോകേണ്ട സന്ദർഭം. കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസ നേരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

വളരെ പരിചയസമ്പന്നനായ, ഏറ്റവും പ്രഗല്‍ഭനായ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അതെല്ലാം മുഖവിലയ്ക്കെടുത്തായിരിക്കും തന്‍റെ പ്രവര്‍ത്തനങ്ങള്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെന്നിത്തലയെ ആദ്യമായി കണ്ടത്. അന്ന് മുതല്‍ ഇന്നുവരെ അനുജനെ പോലെ ചേര്‍ത്തുനിര്‍ത്തി. അദ്ദേഹത്തിന്‍റെ പൂര്‍ണമായ സഹകരണം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News